‘വൈറസ്’ കാണിച്ചു തന്ന കഥാപാത്രങ്ങൾ ഓഫ് സ്ക്രീനിൽ ഇവരാണ്

കേരളത്തെ പിടിച്ചു കുലുക്കിയ നിപ കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന സിനിമയാണ് വൈറസ്. ആഷിഖ് അബുവിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം അഭിനേതാക്കളുടെ പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒപ്പം ഈ കഥാപാത്രങ്ങൾക്ക് പ്രചോദനമായ യഥാർത്ഥ വ്യക്തികൾ കൂടി ഇപ്പോൾ ചർച്ചയാവുകയാണ്.
സിസ്റ്റര്‍ അഖില- സിസ്റ്റര്‍ ലിനി
കേരളത്തിൻ്റെ നോവാണ് സിസ്റ്റർ ലിനി. നിപ കാലത്ത് രോഗികളെ പരിചരിക്കുന്നതിനിടെ അസുഖം പിടിപെട്ട ലിനി പിന്നീട് മരണമടഞ്ഞു. ലിനിയെ അനശ്വരമാക്കിയത് ചിത്രത്തിൻ്റെ നിർമ്മാതാവ് കൂടിയായ നടി റിമ കല്ലിങ്കലാണ്.
ആരോഗ്യമന്ത്രി സികെ പ്രമീള- ആരോഗ്യമന്ത്രി കെകെ ശൈലജ
നിപ തിരിച്ചറിഞ്ഞതു മുതൽ ആരോഗ്യ മന്ത്രി കെകെ ശൈലജ എടുത്ത നിലപാടുകളും തീരുമാനങ്ങളും രോഗത്തെ വളരെ വേഗം കീഴടക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചിരുന്നു. വൈറസ് ചിത്രത്തിൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങിയതു മുതൽ ആരോഗ്യ മന്ത്രിയായി അഭിനയിക്കുന്ന രേവതിയുടെ കഥാപാത്രത്തിന് ആരോഗ്യമന്ത്രി കെകെ ഷൈലയുമായുള്ള സാമ്യവും ചർച്ച ആയതാണ്.
കലക്ടര്‍ പോള്‍ എബ്രഹാം- കലക്ടര്‍ യു വി ജോസ്
നിപ ബാധയുടെ സമയത്ത് കോഴിക്കോട് കലക്ടറായിരുന്ന യുവി ജോസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കളക്ടർ പോൾ എബ്രഹാം. കഥാപാത്രത്തെ വെള്ളിത്തിരയിലെത്തിച്ചത് ടൊവിനോ തോമസ് ആയിരുന്നു.
ഡോ അന്നു- ഡോക്ടര്‍ സീതു പൊന്നു തമ്പി
നിപ വൈറസിൻ്റെ തുടക്കവും പകർച്ചയുടെ വഴികളും അന്വേഷിച്ച ഡോക്ടർ സീതു പൊന്നു തമ്പി നിപ വളരെ വേഗം നിയന്ത്രണ വിധേയമാക്കുന്നതിൽ ചില്ലറ പങ്കല്ല വഹിച്ചത്. നിപ കാലത്ത് കമ്മ്യൂണിറ്റി മെഡിസിൻ വിദ്യാർത്ഥി ആയിരുന്ന സീതു പൊന്നു തമ്പിയെ അടിസ്ഥാനപ്പെടുത്തിയാണ് ഡോക്ടർ അന്നു സൃഷ്ടിക്കപ്പെട്ടത്. പാർവതി അവതരിപ്പിച്ച കഥാപാത്രത്തെ പുകഴ്ത്തി സീതു പൊന്നു തമ്പിയുടെ ഭർത്താവ് തന്നെ ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരുന്നു.
ഡോക്ടര്‍ ബാബുരാജ്- കോഴിക്കോട് കോര്‍പ്പറേഷന്‍ ഹല്‍ത്ത് ഓഫീസര്‍ ആര്‍ എസ് ഗോപകുമാര്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ആര്‍ എസ് ഗോപകുമാറിൽ നിന്നും പ്രചോദനമുൾക്കൊണ്ടതാണ് ഡോക്ടർ ബാബുരാജ് എന്ന കഥാപാത്രം. അടിയന്തര ഘട്ടത്തില്‍ നിപാ ടീമിനൊപ്പം ചേരുന്ന ഡോക്ടര്‍ ബാബുരാജ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഇന്ദ്രജിത്ത് ആണ്. തിരക്കഥാകൃത്തുക്കള്‍ തനിക്കൊപ്പം ചെലവഴിച്ച് ചര്‍ച്ച നടത്തിയിരുന്നുവെന്ന് ഡോ. ഗോപകുമാർ അറിയിച്ചിരുന്നു.
മന്ത്രി സിപി ഭാസ്‌കരന്‍- മന്ത്രി ടി പി രാമകൃഷ്ണന്‍
നാട്ടുകാർക്കിടയിലേക്കിറങ്ങിച്ചെന്ന് അവരെ സമാധാനിപ്പിക്കുകയും കാര്യങ്ങൾ മുന്നിൽ നിന്ന് നയിക്കുകയും ചെയ്ത മന്ത്രി സിപി ഭാസ്കരൻ വൈറസിലെ ശ്രദ്ധേയമായ മറ്റൊരു കഥാപാത്രമായിരുന്നു. സിപി ഭാസ്‌കരനെ അവതരിപ്പിച്ചത് രാജാമണിയാണ്. കോഴിക്കോട് പേരാമ്പ്ര എംഎൽഎയും മന്ത്രിയുമായ ടിപി രാമകൃഷ്ണനാണ് ഈ കഥാപാത്രത്തിനു പ്രചോദനമായത്.
ഡോക്ടര്‍ റഹീം- ഡോക്ടര്‍ എ.എസ് അനൂപ് കുമാര്‍
സിനിമയിൽ നിപ ബാധ സ്ഥിരീകരിക്കുന്നത് ഡോക്ടർ റഹീമാണ്. ഈ കഥാപാത്രം ബേബി മേമ്മോറിയല്‍ ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം തലവനാണ് കോഴിക്കോട് ഉള്ളേരി സ്വദേശിയായ എ.എസ് അനൂപ് കുമാറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ്. അനൂപ് കുമാറാണ് അന്ന് നിപ സ്ഥിരീകരിച്ചത്. കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിച്ചത് റഹ്മാനാണ്.
ഡോക്ടര്‍ ആബിദ് റഹ്മാന്‍- ഡോ അര്‍ഷാദ് ഫസല്‍, ഡോക്ടര്‍ രഞ്ജിത് ടി പി
സിനിമയിൽ ഏറെ ശ്രദ്ധ നേടിയ കഥാപാത്രമാണ് ഡോക്ടർ ആബിദ് റഹ്മാൻ. ശ്രീനാഥ് ഭാസി അവതരിപ്പിച്ച ഈ കഥാപാത്രത്തിനു പിന്നിൽ രണ്ട് ഡോക്ടർമാരാണുള്ളത്. മുഹ്സിന്‍ പരാരിയുടെ ബന്ധു കൂടിയായ ഡോ അര്‍ഷാദ് ഫസല്‍, ഡോക്ടര്‍ രഞ്ജിത് ടിപി എന്നിവരില്‍ നിന്നാണ് ആബിദ് റഹ്മാൻ്റെ സൃഷ്ടി. നിപ വേളയില്‍ കാഷ്വാലിറ്റി വിഭാഗത്തിലുണ്ടായിരുന്നു ഇവര്‍ രണ്ട് പേരും.
അഖിലയുടെ ഭര്‍ത്താവ് സന്ദീപ്- ലിനിയുടെ ഭര്‍ത്താവ് സജീഷ് പുത്തൂര്‍
വളരെ ചെറിയ റോളിൽ മാത്രമേ ഉള്ളുവെങ്കിലും സന്ദീപിൻ്റെ രണ്ട് സീനുകൾ മനസ്സിനെ വല്ലാതെ ഉലച്ചു കളഞ്ഞതാണ്. ഷറഫുദ്ദീൻ വേഷമിട്ട ഈ കഥാപാത്രം നിപ കാലത്ത് രോഗികളെ പരിചരിക്കുന്നതിനിടെ അസുഖം പിടിപെട്ട് മരണമടഞ്ഞ ലിനിയുടെ ഭർത്താവിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രൂപപ്പെടുത്തിയതാണ്.
ഡോക്ടര്‍ സ്മൃതി ഭാസ്‌കര്‍- രാജീവ് സദാനന്ദന്‍ ഐഎഎസ് (മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി) ഡോ.ആര്‍ എല്‍ സരിത (ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്)ഡോ. ജയശ്രീ (കോഴിക്കോട് ഡിഎംഒ)
നിപ അതിജീവനത്തിനു നേതൃത്വം നൽകിയ ഡോക്ടർ സ്മൃതി ഭാസ്കർ മൂന്ന് പേരെ സമന്വയിപ്പിച്ച് രൂപപ്പെടുത്തിയ കഥാപാത്രമാണ്. ഏറെക്കാലത്തിനു ശേഷം പൂർണ്ണിമാ ഇന്ദ്രജിത്ത് സിനിമയിലേക്ക് മടങ്ങി വന്നത് ഈ വേഷത്തിലൂടെയായിരുന്നു. മുന്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ ഐഎഎസ്, ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസിലെ ആര്‍ എല്‍ സരിത, കോഴിക്കോട് ഡിഎംഒ ജയശ്രീയും എന്നിവരാണ് ഈ കഥാപാത്രത്തിനു പിന്നിൽ.
അറ്റന്‍ഡര്‍ ബാബു- കെ യു ശശിധരന്‍, ഇ പി രജീഷ് (മെഡിക്കല്‍ കോളജില്‍ താല്‍ക്കാലിക ജീവനക്കാരായിരുന്നവര്‍)
സിനിമയിൽ പലരും രോഗികളെ തൊടാനും ഉപയോഗിച്ച വസ്ത്രങ്ങളും രക്തവും ശരീരസ്രവവും അടങ്ങിയ മാലിന്യം സംസ്‌കരിക്കാനും മടിച്ചു നിന്നപ്പോള്‍ മുന്നോട്ട് വന്നത് അറ്റൻഡർ ബാബുവായിരുന്നു. അറ്റൻഡർ ബാബു രണ്ട് പേരുടെ സമന്വയമാണ്. മെഡിക്കല്‍ കോളജില്‍ ദിവസവേതനത്തിന് ജോലി ചെയ്തിരുന്ന കെ യു ശശിധരന്‍, ഇ പി രജീഷ് എന്നിവരെയാണ് ജോജു അവതരിപ്പിച്ചത്.
ഡോ. സുരേഷ് രാജന്‍- ഡോ അരുണ്‍ കുമാര്‍
നിപാ വൈറസിന്റെ ആക്രമണമാണെന്ന് ശാസ്ത്രീയമായി കണ്ടെത്തിയ മണിപ്പാല്‍ സെന്റര്‍ ഓഫ് വൈറസ് റിസര്‍ച്ച് തലവന്‍ ഡോ അരുണ്‍ കുമാറാണ് സിനിമയിലെ ഡോക്ടർ സുരേഷ് രാജൻ. സിനിമയില്‍ ഡോ സുരേഷ് രാജന്‍ എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബനാണ് അഭിനയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here