ബാലഭാസ്‌ക്കറിന്റെ മരണം; രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് ആലോചന

വയലിനിസ്റ്റ് ബാലഭാസ്‌ക്കറ്റിന്റെ മരണത്തിൽ ദ്യക്‌സാക്ഷികളുടെയടക്കം രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് ആലോചന. അപകടസമയത്ത് കാർ ഓടിച്ചത് ആരാണെന്നതsക്കമുള്ള കാര്യങ്ങളിൽ മൊഴികളിൽ വൈരുധ്യമുള്ളതിനാലാണ് നീക്കം. അന്വേഷണത്തിന്റെ ഭാഗമായി സ്വർണ്ണക്കടത്തു കേസിലെ കൂടുതൽ വിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചു തുടങ്ങി.
ബാലഭാസ്‌ക്കറിന്റെ മരണത്തിൽ ദ്യക്‌സാക്ഷികളുടെയും സാക്ഷികളുടെയും മൊഴികളിൽ വൈരുധ്യങ്ങളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അപകട സമയത്ത് കാറോടിച്ചത് അർജുനാണെന്ന് ദൃക്‌സാക്ഷികളും ഭൂരിഭാഗം സാക്ഷികളും ക്രൈംബ്രാഞ്ചിന് മൊഴി നൽകിയപ്പോൾ മറ്റു ചിലരുടെ മൊഴി ഘടകവിരുദ്ധമാണ്. ബാലഭാസ്‌ക്കർ തന്നെയാണ് കാറോടിച്ചതെന്ന് ദ്യക്‌സാക്ഷികളിലൊരാളായ കെ.എസ്.ആർ.ടി.സി ഡ്രൈവറായ അജി ക്രൈംബ്രാഞ്ച് വീണ്ടും മൊഴിയെടുത്തപ്പോൾ ആവർത്തിക്കുകയും ചെയ്തു. കൊല്ലത്ത് ബാലഭാസ്‌ക്കറും കുടുംബവും ജ്യൂസ് കുടിക്കാനിറങ്ങിയ കടയുടമ ഷംനാദിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.
കടയിലെ സിസിടിവി ദ്യശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക് പ്രകാശ് തമ്പി ശേഖരിച്ചെന്നായിരുന്നു ഷംനാദിന്റെ മൊഴി.എന്നാൽ മാധ്യമങ്ങൾക്ക് മുന്നിൽ ഷംനാദ് മലക്കം മറിഞ്ഞതു സംശയങ്ങൾക്ക് വഴി വെച്ചു. ഇതോടെയാണ് ദൃക്‌സാക്ഷികളുടെയും സാക്ഷികളുടെയും രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈം ബ്രാഞ്ച് ആലോചന തുടങ്ങിയത്. അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷം ആരുടെയൊക്കെ രഹസ്യമൊഴി രേഖപ്പെടുണമെന്ന് ക്രൈം ബ്രാഞ്ച് അന്തിമ തീരുമാനമെടുക്കും. അപകടം സംബന്ധിച്ച പ്രാഥമിക പരിശോധന പൂർത്തിയായതോടെ സ്വർണ്ണക്കടത്തു കേസിലെ വിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചു തുടങ്ങി. സ്വർണ്ണക്കടത്തു കേസിലെ പ്രതികളായ പ്രകാശ് തമ്പിയും, വിഷ്ണു സോമസുന്ദരവും ബാലഭാസ്‌ക്കറിന്റെ ട്രൂപ്പിലെ അംഗങ്ങളായിരുന്നത് പരിഗണിച്ചാണ് നടപടി. സ്വർണ്ണക്കടത്തു കേസന്വേഷിക്കുന്ന ഡി.ആർ.ഐയിൽ നിന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here