അനുരാഗ് കശ്യപ് സിനിമയിൽ റോഷൻ മാത്യു; വഴി തെളിച്ചത് മൂത്തോൻ

ശ്രദ്ധേയനായ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിലൂടെ ഹിന്ദി ചിത്രത്തിൽ അരങ്ങേറാനൊരുങ്ങി യുവ നടൻ റോഷൻ മാത്യു. സംവിധായികയും അഭിനേത്രിയുമായ ഗീതു മോഹന്‍ദാസ് ആണ് റോഷന്‍ മാത്യുവിന്റെ ബോളിവുഡ് അരങ്ങേറ്റം പരസ്യമാക്കിയത്. മൂത്തോൻ എന്ന സിനിമയിലെ അഭിനയം കണ്ടാണ് അനുരാഗ് കശ്യപ് റോഷൻ മാത്യുവിനെ തിരഞ്ഞെടുത്തതെന്ന് ഗീതു കുറിച്ചു.
മൂത്തോൻ എന്ന സിനിമ സംവിധാന ചെയ്തത് ഗീതു മോഹൻദാസ് ആയിരുന്നു. മൂത്തോനില്‍ റോഷന്റേത് അവിശ്വസനീയ പ്രകടനം ആയിരുന്നുവെന്നും അത് കണ്ടാണ് സിനിമയുടെ സഹരചയിതാവ് കൂടിയായ അനുരാഗ് കശ്യപ് തൻ്റെ പുതിയ ചിത്രത്തില്‍ റോഷനെ നായകനായി തെരഞ്ഞെടുത്തതെന്നുമാണ് ഗീതു അറിയിച്ചത്.
റോഷന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഇതൊരു തുടക്കം മാത്രമാണെന്നും, സംവിധായികയെന്ന നിലയില്‍ അഭിമാനമുണ്ടെന്നും ഗീതു മോഹന്‍ദാസ് പറഞ്ഞു. മുംബെയില്‍ വ്യാഴാഴ്ച അനുരാഗ് കശ്യപ് സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നും ഗീതു കൂട്ടിച്ചേർത്തു.
മൂത്തോന്‍ എന്ന സിനിമയില്‍ നിവിന്‍ പോളിക്കൊപ്പം പ്രധാന റോളിലാണ് റോഷന്‍ മാത്യു എത്തുന്നത്. രാജീവ് രവി ഛായാഗ്രഹണം നിര്‍വഹിച്ച മൂത്തോന്‍ ലക്ഷദ്വീപിലും മുംബൈയിലുമാണ് ചിത്രീകരിച്ചത്. മൂത്തോന്‍ പോസ്റ്റ് പ്രൊഡക്ഷനിലാണെന്നും ഉടന്‍ തിയറ്ററുകളിലെത്തുമെന്നും ഗീതു മോഹന്‍ദാസ് അറിയിച്ചു.
നേരത്തെ പുറത്തിറങ്ങിയ മൂത്തോൻ്റെ ടീസർ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here