തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പ്രവർത്തകർ പണിയെടുക്കാത്തത്; രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി

ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം കോൺഗ്രസ് പ്രവർത്തകർ പണിയെടുക്കാത്തതെന്ന വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അത്തരം പ്രവർത്തകരെ കണ്ടെത്തുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
റായ്ബറേലിയിലേത് സോണിയ ഗാന്ധിയുടെ വിജയമാണ്. സോണിയയുടെ വിജയത്തിന് വേണ്ടി പ്രവർത്തകർ ഒന്നും ചെയ്തില്ല. ഇക്കാര്യം പറയാതിരിക്കാനാകില്ലെന്നും പ്രിയങ്ക പറഞ്ഞു. റായ്ബറേലിയിലെ വോട്ടർമാരോട് നന്ദി പറയാൻ സംഘടിപിച്ച പരിപാടിയിലായിരുന്നു പ്രിയങ്കയുടെ വിമർശനം.
സോണിയ ഗാന്ധിയും പ്രിയങ്കയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ബിജെപിക്കെതിരെ രൂക്ഷവിമർശനമാണ് സോണിയ ഗാന്ധി നടത്തിയത്. രണ്ടാം തവണ അധികാരത്തിലേറാൻ അന്തസ്സിന്റെ എല്ലാ അതിർത്തികളും ബിജെപി ലംഘിച്ചെന്ന് സോണിയ ആരോപിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ ആകർഷിക്കാൻ എല്ലാ തന്ത്രങ്ങളും ബി ജെപി പ്രയോഗിച്ചു. അവ നീതിപൂർവമാണോ അനീതിയിലൂടെ ആണോ എന്ന് എല്ലാവർക്കും അറിയാം. തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ ഉയർന്നിട്ടുണ്ടെന്നും സോണിയ വിമർശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here