‘പ്രത്യാശ’; കാൻസർ പ്രതിരോധത്തിന് വാക്‌സിനുമായി മരട് മുനിസിപ്പാലിറ്റി

കാൻസർ പ്രതിരോധത്തിന് വാക്‌സിനുമായി എറണാകുളം മരട് മുനിസിപ്പാലിറ്റി. ഗർഭാശയഗള കാൻസർ, വനേജിയൽ കാൻസർ, മലാശയ കാൻസർ, ഹെഡ് ആൻഡ് നെക്ക് കാൻസർ, പിനൈൽ കാൻസർ എന്നിവയ്ക്ക് കാരണമാകുന്ന ഹ്യൂമൺ പാപ്പിലോമ വൈറസിനെതിരെയാണ് മുനിസിപ്പാലിറ്റിയുടെ പ്രതിരോധ വാക്‌സിനേഷൻ പദ്ധതി. സമഗ്രവും ബഹുമുഖവുമായ സമീപനത്തിലൂടെ ഹ്യൂമൺ പാപ്പിലോമ വൈറസിനെതിരെ ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു പ്രതിരോധ വാക്‌സിനേഷൻ പദ്ധതിക്കാണ് മരട് മുൻസിപ്പാലിറ്റി രൂപം നൽകിയിരിക്കുന്നത്.

25 നും 26 നും വയസിന് പ്രായമുള്ള പെൺകുട്ടികളെ കണ്ടെത്തി അവരുടെയും മാതാപിതാക്കളുടെ അനുവാദത്തോടെ എച്ച്പിവിക്ക് എതിരെയുള്ള വാക്‌സിൻ നൽകുകയും ഒപ്പം വാക്‌സിനേഷൻ നൽകുന്നവരുടെ അമ്മമാർക്ക് കാൻസർ സ്‌ക്രീനിങ്ങ് നടത്താനുമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. കേരള സർക്കാരിന്റെ ആർദ്രം മിഷനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടും, ലോകാരോഗ്യ സംഘടനയുടെ ഡപ്യൂട്ടി ഡയറക്ടർ ഡോ. സൗമ്യ സ്വാമിനാഥൻ ഈ വാക്‌സിൻ ഇന്ത്യയിൽ വ്യാപകമാക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലുമാണ് ഇത്തരത്തിലൊരു പദ്ധതി ആവിഷ്‌ക്കരിച്ചത്. മരട് മുൻസിപ്പാലിറ്റിയിലെ വളന്തക്കാട് പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ ബാലു ഭാസിയാണ് രാജ്യത്തിന് മാതൃകയാകാൻ സാധ്യതയുള്ള പ്രൊജക്ട് സമർപ്പിച്ചത്.

മരട് മുൻസിപ്പാലിറ്റി പ്രത്യാശ എന്ന പേരിൽ അവരുടെ തനതു പദ്ധതിയിൽ പ്രൊജക്ട് ഉൾപ്പെടുത്തുകയും അംഗീകാരം നൽകുകയും ചെയ്തു. വാക്‌സിനേഷന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കേരള ഗവൺമെന്റിനും ആരോഗ്യവകുപ്പിനും കത്ത് നൽകിയിരിക്കുകയാണ്. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു തദ്ദേശസ്ഥാപനം തനതു പദ്ധതിയിൽ ഉൾപ്പെടുത്തി ഇങ്ങനെയൊരു വാക്‌സിനേഷനുമായി മുന്നോട്ട് വരുന്നത്. പദ്ധതിക്ക് സർക്കാർ അനുമതി ലഭിച്ചാർ വരും കൊല്ലങ്ങളിലും വാക്‌സിനേഷൻ നടപ്പിലാക്കാനാണ് മുനിസിപ്പാലിറ്റി അധികൃതരുടെ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top