പി.ജെ ജോസഫ് വിഭാഗം തിരുവനന്തപുരത്ത് രഹസ്യയോഗം ചേരുന്നു

കേരള കോൺഗ്രസിൽ സമവായത്തിനായി ജോസഫ് വിഭാഗം മുന്നോട്ട് വെച്ച നിർദേശങ്ങൾ ജോസ് കെ മാണി തള്ളിയതിന് പിന്നാലെ ജോസഫ് വിഭാഗം നേതാക്കൾ തിരുവനന്തപുരത്ത് രഹസ്യയോഗം ചേരുന്നു. പി.ജെ ജോസഫിന്റെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ മോൻസ് ജോസഫ് എംഎൽഎയും ടി.യു കുരുവിള അടക്കമുള്ള നേതാക്കളും പങ്കെടുക്കുന്നുണ്ട്. സി.എഫ് തോമസിനെ കേരള കോൺഗ്രസ് (എം) ചെയർമാനും ജോസ് കെ മാണിയെ ഡെപ്യൂട്ടി ചെയർമാനുമാക്കിയുള്ള ഒത്തുതീർപ്പിന് പി.ജെ ജോസഫ് നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു.
എന്നാൽ ഈ നിർദേശം തള്ളി ജോസ് കെ മാണി രംഗത്തെത്തുകയായിരുന്നു. ചെയർമാനെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന നിലപാടിൽ തങ്ങൾ ഉറച്ച് നിൽക്കുകയാണെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. വ്യവസ്ഥാപിതമായ രീതിയിലാണ് സ്ഥാനമാനങ്ങൾ തീരുമാനിക്കേണ്ടത്. പരസ്യ വേദികളിലല്ല സ്ഥാനമാനങ്ങൾ പ്രഖ്യാപിക്കേണ്ടതെന്നും ജോസ് കെ മാണി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here