കാലവര്‍ഷത്തെ നേരിടാന്‍ മുന്‍കരുതലുകളുമായി പത്തനംതിട്ട ജില്ല ഭരണകൂടം

കാലവര്‍ഷം എത്തിയതോടെ അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ സജ്ജമായി പത്തനംതിട്ട ജില്ലാ ഭരണകൂടം. വിവിധ വകുപ്പുകളെ ഏകോപിപിച്ചാണ് അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി.

മഴയെ തുടര്‍ന്ന് അണകെട്ടുകള്‍ തുറന്നു വിടേണ്ടി വന്നാല്‍ ഒരോ വകുപ്പുകളും ശ്രദ്ധിക്കേണ്ട മുന്‍ കരുതലുകള്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഊര്‍ജിതമാക്കുകയാണ് ലക്ഷ്യം. കെഎസ്ഇബി യുടെ 5 അണകെട്ടുകളാണ് ജില്ലയിലുള്ളത്. പമ്പ ആനത്തോട് കക്കി മൂഴിയാര്‍ വെളുത്തോട് എന്നീ അണക്കെട്ടുകള്‍ ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചവയാണ്. ഈ അണക്കെട്ടുകളായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യങ്ങളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളാണ് കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.

കേന്ദ്ര ജല കമ്മീഷന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകള്‍ക്കായി അടിയന്തര കര്‍മ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. അണക്കെട്ട് സംബന്ധമായ അത്യാഹിതങ്ങളില്‍ സ്വത്തുവകകള്‍ക്കുമുണ്ടാകുന്ന നഷ്ടം കുറയ്ക്കാന്‍ പദ്ധതി ആസൂത്രണം ചെയ്യുന്നതിലൂടെ സാധിക്കും. അണക്കെട്ട് തകരുമ്പോള്‍ വെള്ളമൊഴുകാന്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ വിവരങ്ങള്‍ പ്രളയ ഭൂപടം മുന്നറിയിപ്പ് സംവിധാനം, ആശയ വിനിമയം, വെള്ളപ്പൊക്ക നിയന്ത്രണം, ജനങ്ങളെ ഒഴിപ്പിക്കല്‍ എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. പഞ്ചായത്ത് വില്ലേജ് താലൂക്ക് തുടങ്ങി എല്ലാ തലങ്ങളിലുമുള്ള ഉദ്യോഗസ്ഥരും കര്‍മ്മ പദ്ധതിയുടെ ഭാഗമാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top