സെക്രട്ടറിയേറ്റിന്റെ സംരക്ഷണത്തിനും നവീകരണത്തിനും സ്വകാര്യ ഏജന്‍സിയെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം; ട്വന്റിഫോര്‍ എക്‌സ്‌ക്ലൂസീവ്

ഭരണസിരകകേന്ദ്രമായ സെക്രട്ടേറിയറ്റിന്റെ സംരക്ഷണത്തിനും നവീകരണത്തിനും സ്വകാര്യ ഏജന്‍സിയെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇതിനായി പൊതുഭരണ വകുപ്പ് താല്‍പര്യപത്രം ക്ഷണിച്ചു. കൂടുതല്‍ സുരക്ഷാ മാര്‍ഗങ്ങളൊരുക്കുക, സെക്രട്ടേറിയറ്റിനകത്തും പുറത്തും പുതിയ അന്തരീക്ഷമൊരുക്കുക തുടങ്ങിയവയാണ് ഏജന്‍സിയുടെ ചുമതല. ഏജന്‍സിയുടെ താല്‍പര്യം കൂടി കണക്കിലെടുത്താകും തുക നിശ്ചയിക്കുക. പൊതുമരാമത്ത് വകുപ്പിനെ പൂര്‍ണമായും ഒഴിവാക്കിയാണ് പുതിയ തീരുമാനം.
ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന്റെ പുനരുദ്ധാരണം, നവീകരണം, സംരക്ഷണം എന്നിവയ്ക്കു വേണ്ടിയാണ് സ്വകാര്യ ഏജന്‍സിയെ നിയമിക്കുന്നത്. അനക്സ് ഒഴികെയുള്ള പ്രധാന സെക്രട്ടേറിയറ്റ് മന്ദിരമാണ് നവീകരിക്കുന്നത്. സെക്രട്ടേറിയറ്റിനുള്ളിലെ ഓഫീസ് സ്ഥലം ക്രിയാത്മകമായി ഉപയോഗപ്പെടുത്തുക, മാനദണ്ഡം അനുസരിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക, അകത്തും പുറത്തുമുള്ള ഓഫീസ് അന്തരീക്ഷം മെച്ചപ്പെടുത്തുക, ഓഫീസുകള്‍ക്കുള്ളില്‍ ആധുനിക ഉപകരണങ്ങള്‍ സജ്ജീകരിക്കുക എന്നിവയും ഏജന്‍സിയുടെ ചുമതലയാണ്.
ഇങ്ങനെ സംസ്ഥാന സെക്രട്ടേറിയറ്റിനെ പൈതൃക കെട്ടിടമാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതുവരെ സെക്രട്ടേറിയറ്റിലെ നവീകരണം പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയായിരുന്നു. എന്നാല്‍ പൊതുമരാമത്ത് വകുപ്പിനെ പൂര്‍ണമായും ഒഴിവാക്കിയാണ് സ്വകാര്യ ഏജന്‍സിയെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിനായി താല്‍പര്യപത്രം ക്ഷണിച്ചു. ഇവരുമായി ജൂണ്‍ 26നു സെക്രട്ടേറിയറ്റിലെ സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രീബിഡ് യോഗം നടത്തും. എന്നാല്‍ നവീകരണത്തിനും സംരക്ഷണത്തിനുമായി തുക നീക്കിവച്ചിട്ടില്ലെന്നതാണ് പ്രത്യേകത. ഏജന്‍സിയെ നിശ്ചയിച്ചശേഷം അവര്‍ പറയുന്നത് കൂടി കണക്കിലെടുത്താകും തുക നിശ്ചയിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here