ചൈനീസ് കമ്പനികൾ ഒന്നിക്കുന്നു; വെളുക്കാൻ തേച്ചത് ഗൂഗിളിനു പാണ്ടായേക്കും

ചൈനീസ് മൊബൈൽ കമ്പനി വാവെയ്ക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ഗൂഗിളിനു പണിയാകുമെന്ന് റിപ്പോർട്ട്. ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനു പകരം വാവെയ് ഇറക്കിയ ഹോങ്‌മെങ് (HongMeng) നിരവധി ഫോൺ നിർമാണ കമ്പനികൾ പരീക്ഷിച്ച് റിപ്പോർട്ട് നൽകിയതായാണ് റിപ്പോർട്ട്. ആൻഡ്രോയിഡിനെക്കാൾ 60 ശതമാനം വേഗത വാവെയുടെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുണ്ടെന്നാണ് ഇവർ നൽകിയ റിപ്പോർട്ട്.

ചൈനീസ് കമ്പനികളായ ഷവോമി, വിവോ, ഒപ്പോ എന്നിവകളുടെ പ്രതിനിധികള്‍ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പ്രകടനം വിലയിരുത്താന്‍ എത്തിയിരുന്നു. ചൈനീസ് കമ്പനികൾ ഒരുമിച്ച് നിന്നാൽ ഗൂഗിൾ ഉപരോധം മറികടക്കാനാവുമെന്ന് ഇവർ കണക്കുകൂട്ടുന്നു. ഇങ്ങനെ വന്നാൽ സ്മാർട്ട്ഫോൺ മേഖലയിലെ ആൻഡ്രോയ്ഡിൻ്റെ കുത്തക അവസാനിപ്പിക്കാനാവുമെന്നും ഇവർ വിശ്വസിക്കുന്നു. ചൈന ഡെയ്‌ലിയുടെ റിപ്പോര്‍ട്ട് പ്രകാരം ഹോങ്‌മെങ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന 10 ലക്ഷം ഫോണുകൾ വാവെയ് കയറ്റുമതി ചെയ്തു കഴിഞ്ഞു.

ഡൊണാൾഡ് ട്രംപ് ഏറ്റെടുത്തിയ ഉപരോധം ഫലത്തിൽ പണിയാവുന്നത് ഗൂഗിളിനു തന്നെയാണ്. വാവെയ് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കുകയും ചൈനീസ് കമ്പനികൾ ആൻഡ്രോയ്ഡ് ഉപേക്ഷിച്ച് ആ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുകയും ചെയ്താൽ ഗൂഗിൾ തകരും. അതുകൊണ്ട് തന്നെ വാവെയ്ക്ക് മേലുള്ള ഉപരോധം പിൻവലിക്കാൻ ട്രംപിനോട് ഗൂഗിൾ ആവശ്യപ്പെട്ടുവെന്നും വാർത്തകളുണ്ട്.

എന്തായാലും ടെക്നോളജി ലോകം രണ്ടാവാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നാണ് വിദഗ്ധാഭിപ്രായം. അമേരിക്ക ഉപരോധം പിൻവലിച്ചാലും വാവെയ് തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കാൻ തന്നെയാണ് സാധ്യതകളെന്നും റിപ്പോർട്ടുകൾ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top