‘തീര്‍ച്ചയായും നമ്മള്‍ റഷ്യന്‍ എണ്ണ വാങ്ങും’; നിലപാട് വ്യക്തമാക്കി ധനമന്ത്രി നിര്‍മല സീതാരാമന്‍

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. തീരുമാനം ദേശീയ താത്പര്യം മുന്‍നിര്‍ത്തിയാണെന്ന് ധനമന്ത്രി ഊന്നിപ്പറഞ്ഞു.
റഷ്യന്‍ എണ്ണയായാലും മറ്റ് എന്തായാലും നമ്മുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലത്ത് നിന്ന് വാങ്ങും. തീര്‍ച്ചയായും നമ്മള്‍ റഷ്യന്‍ എണ്ണ വാങ്ങും – ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ധനമന്ത്രി പറഞ്ഞു. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ അതിന്റെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
ഇന്ത്യയ്ക്കെതിരെയുള്ള തീരുവ യുക്രൈനില്‍ സമാധാനം പുനഃസ്ഥാപിക്കാനെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് പറഞ്ഞിരുന്നു തീരുവ നിയമവിരുദ്ധമെന്ന ഫെഡറല്‍ കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് പരാമര്‍ശം. റഷ്യയില്‍ നിന്ന് ഇന്ത്യ വന്‍തോതില്‍ എണ്ണവാങ്ങുന്നുവെന്നും റഷ്യ-യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തിലെ അടിയന്തരാവസ്ഥയ്ക്കിടെ റഷ്യയുമായി വ്യാപാര ബന്ധമുള്ള ഇന്ത്യയ്ക്ക് കൂടുതല്‍ തീരുവ ഏര്‍പ്പെടുത്തുന്നത് സമാധാനം പുനസ്ഥാപിക്കാന്‍ വളരെ പ്രധാനമാണെന്നാണ് അപ്പീലിലെ ട്രംപിന്റെ വാദങ്ങള്‍.
ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവകള്‍ മിക്കതും നിയമവിരുദ്ധമാണെന്ന് അമേരിക്കന്‍ അപ്പീല്‍ കോടതി നിരീക്ഷിച്ചതിന് പിന്നാലെയാണ് ട്രംപ് വാദമുഖങ്ങള്‍ നിരത്തിയിരിക്കുന്നത്. അടിയന്തര സാമ്പത്തിക സാഹചര്യത്തിലാണ് താരിഫുകള്‍ പ്രഖ്യാപിച്ചതെന്ന ട്രംപിന്റെ വാദം കോടതി തള്ളിയിരുന്നു. ഒക്ടോബര്‍ 14നുള്ളില്‍ സര്‍ക്കാരിന് സുപ്രീം കോടതിയെ സമീപിക്കാം. അതുവരെ വിധി പ്രാബല്യത്തില്‍ വരില്ലെന്നും കോടതി അറിയിച്ചിരുന്നു.
Story Highlights : Nirmala Sitharaman said that India will continue purchasing Russian oil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here