കാർട്ടൂൺ അവാർഡ് പിൻവലിക്കില്ല; സർക്കാർ നിലപാട് തള്ളി ലളിതകലാ അക്കാദമി

കാർട്ടൂൺ വിവാദത്തിൽ അവാർഡ് പിൻവലിക്കില്ലെന്ന് വ്യക്തമാക്കി കേരള ലളിതകലാ അക്കാദമി. അവാർഡ് പിൻവലിക്കില്ലെന്നും ജൂറി തീരുമാനം അന്തിമമാണെന്നും അക്കാദമി ഭാരവാഹികൾ വ്യക്തമാക്കി. മതത്തെ വേദനിപ്പിക്കുന്നതൊന്നും അവാർഡ് നേടിയ കാർട്ടൂണിലില്ലെന്ന് ഇന്ന് ചേർന്ന അക്കാദമി ഭരണസമിതി യോഗം വിലയിരുത്തി. ന്യൂനപക്ഷങ്ങൾക്ക് അർഹതപ്പെട്ട എന്തെങ്കിലും ഹനിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഭരണഘടനാപരമായി പരിശോധിക്കുമെന്നും നിയമവിദഗ്ധരെ കാണുമെന്നും അക്കാദമി ഭാരവാഹികൾ മാധ്യമങ്ങളോട് വ്യക്തമാക്കി.
Read Also; കാർട്ടൂൺ വിവാദം; ലളിതകലാ അക്കാദമിയിലെ വിഷയത്തിൽ ഇടപെടാൻ മന്ത്രിക്ക് അവകാശമില്ലെന്ന് കാനം
അവാർഡ് നേടിയ കാർട്ടൂൺ ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നതാണെന്നും ഇത് പുനപരിശോധിക്കാൻ ലളിതകലാ അക്കാദമിക്ക് സർക്കാർ നിർദേശം നൽകിയതായും മന്ത്രി എ.കെ ബാലൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ മന്ത്രിയുടെയും സർക്കാരിന്റെയും നിലപാടുകൾ തള്ളിയാണ് അവാർഡ് പിൻവലിക്കില്ലെന്ന് ലളിതകലാ അക്കാദമി ഭാരവാഹികൾ ഇന്ന് വ്യക്തമാക്കിയത്.
മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് ആക്ഷേപമുയർന്നതോടെയാണ് സംസ്ഥാന ലളിതകലാ അക്കാദമിയുടെ കാർട്ടൂൺ പുരസ്‌കാരം വിവാദമായത്. പുരസ്‌കാരം ലഭിച്ച കാർട്ടൂണിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആയിരുന്നു കേന്ദ്രകഥാപാത്രം. ഈ കാർട്ടൂണിൽ ക്രിസ്തീയ മത ചിഹ്നങ്ങളെ മോശമായി ഉപയോഗിച്ചുവെന്നാണ് ആക്ഷേപമുയർന്നത്. കാർട്ടൂണിന് പുരസ്‌കാരം നൽകിയതിനെതിരെ കെസിബിസി ഉൾപ്പെടെ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് കാർട്ടൂൺ അവാർഡ് പുന:പരിശോധിക്കാൻ സർക്കാർ ലളിത കലാ അക്കാദമിക്ക് നിർദേശം നൽകുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here