ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചു; കണ്ണൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തു

കണ്ണൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തു. കൊറ്റാളി സ്വദേശി സാജന് പാറയില്‍ ആണ് മരിച്ചത്. സാജന്റ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയത്തിന് ആന്തൂര്‍ നഗരസഭ പ്രവര്‍ത്തനാനുമതി നല്‍കാത്തതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍. എന്നാല്‍ അനുമതി നിഷേധിച്ചിട്ടില്ലെന്നാണ് നഗരസഭയുടെ വിശദീകരണം.
20 വര്‍ഷത്തോളമായി നൈജീരിയയില്‍ ബിസിനസ് ചെയ്യുന്ന കണ്ണൂര്‍ സ്വദേശി സാജന് പാറയിലിനെ കൊറ്റാളി അരേമ്പത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സാജന് പതിനഞ്ച് കോടി രൂപ ചെലവഴിച്ച് ആന്തൂരില്‍ നിര്‍മ്മിച്ച പാര്‍ത്ഥ കണ്വെന്ഷന് സെന്റര്‍ എന്ന ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി ലഭിക്കാന്‍ നഗരസഭയെ സമീപിച്ചിരുന്നു. എന്നാല്‍ അപേക്ഷ നല്കി നാല് മാസമായിട്ടും അനുമതി ലഭിക്കാത്തതുകൊണ്ടുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ടൗണ്‍ പ്ലാനിഗ് ഓഫീസറും കെട്ടിടത്തിന് അനുമതി നല്‍കിയിരുന്നു. പ്രവര്‍ത്തനാനുമതിക്കായി പലതവണ നഗരസഭാ ചെയര്‍പേഴ്സണെ സമീപിച്ചിട്ടും അനുമതി നല്‍കിയില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ അനുമതി നിഷേധിച്ചിട്ടില്ലെന്നും നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും നഗരസഭ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here