ഇറാനെതിരെ സൈനിക നീക്കം പരിഗണനയില്‍; അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ

ഇറാനെതിരെ സൈനിക നീക്കം പരിഗണനയിലെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍ പശ്ചിമേഷ്യന്‍ മേഖലയിലെ ഇന്ധന നീക്കത്തിന് സുരക്ഷ ഉറപ്പാക്കാന്‍ ഏതറ്റം വരെയും പോകുമെന്നും പോംപിയോയുടെ മുന്നറിയിപ്പ്. ഒമാന്‍ ഉള്‍ക്കടലുകളിലെ എണ്ണക്കപ്പലുകള്‍ക്ക് നേരേ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ വാര്‍ത്താ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.

പശ്ചിമേഷ്യന്‍ മേഖലയിലെ ഏത് ആക്രമണത്തെയും പ്രതിരോധിക്കാന്‍ കഴിയുന്ന സംവിധാനം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മൈക്ക് പോംപിയോ പറഞ്ഞു. ഇറാന് ആണവായുധം ലഭിക്കാതിരിക്കുക എന്നതാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യം. എന്നാല്‍ ഇറാനെ തടയുന്നത് യുദ്ധത്തിലൂടെയാവരുത് എന്ന് പ്രസിഡന്റ് ട്രംപ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പോംപിയോ അറിയിച്ചു. അക്രമസ്വഭാവമുള്ള നീക്കങ്ങളില്‍ നിന്നും ഇറാനെ തടയാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും പോംപിയോ വ്യക്തമാക്കി. അമേരിക്കന്‍ വാര്‍ത്താ ചാനലായ ഫോക്‌സ് ന്യൂസ് സണ്‍ഡേക്ക് അഭിമുഖത്തിലാണ് പോംപിയോ നിലപാട് തുറന്നു പറഞ്ഞത്.

പ്രതിരോധത്തില്‍ സൈനിക നടപടി ഉള്‍പ്പെടുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഉള്‍പ്പെടുമെന്നായിരുന്നു പോംപിയോയുടെ മറുപടി. അമേരിക്കയുടെ ഉപരോധത്തില്‍ നിന്നും റഷ്യ, ഫ്രാന്‍സ്, ചൈന, ജര്‍മ്മനി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളോട് ഇറാന്‍ സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. സംരക്ഷണം ലഭിച്ചില്ലെങ്കില്‍ ആയുധ നിര്‍മ്മാണം ലക്ഷ്യമിട്ടുള്ള യുറേനിയം സമ്പുഷ്ടീകരണം ആരംഭിക്കുമെന്നും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ ഭീഷണി മുഴക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top