കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ കൈക്കൂലി വാങ്ങിയ സംഭവം; ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍മാരില്‍ നിന്നും സൂപ്രണ്ടില്‍ നിന്നും വിശദീകരണം തേടി

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍മാരില്‍ നിന്നും ആശുപത്രി സൂപ്രണ്ടില്‍ നിന്നും വിശദീകരണം തേടി.പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചു.കൈക്കൂലി വാങ്ങിയ സംഭവത്തില്‍ സുനില്‍ ചന്ദ്രന്‍ വെങ്കിട ഗിരി എന്നീ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ ഒരുങ്ങി ആരോഗ്യ വകുപ്പ്.

ട്വന്റി ഫോര്‍ പുറത്തുവിട്ട വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നടപടി. ഇന്ന് രാവിലെ 11 മണിയോടെ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ആരോപണ വിധേയരായ ഡോക്ടര്‍മാരും ജനറല്‍ ആശുപത്രി സൂപ്രണ്ടും ഡിഎംഒ വിളിച്ചു വരുത്തിയതിന്റെ അടിസ്ഥാനത്തില്‍ വിശദീകരണം നല്‍കാനെത്തി. കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ഡോക്ടര്‍മാരുടെയും സൂപ്രണ്ടിന്റെയും ഭാഗം കേള്‍ക്കാനായിരുന്നു ഡിഎംഒ ഇവരെ വിളിച്ചു വരുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഡിഎംഒ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചു. സംഭവത്തില്‍ തുടര്‍നടപടികള്‍ക്ക് നിര്‍ദേശിക്കേണ്ടുന്നത് ഇനി ആരോഗ്യ വകുപ്പാണ്.

അതേസമയം സംഭവത്തിലെ പരാതിക്കാരെ കണ്ട് മൊഴിയെടുക്കാനും സാധ്യതയുണ്ട്. രോഗിയുടെ കുടുംബം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലും അന്വേഷണമുണ്ടാകും. സംഭവത്തില്‍ തുടരന്വേഷണം നടക്കുമെന്നും, കൈക്കൂലി വാങ്ങിയെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടാല്‍ ശക്തമായ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും ഡിഎംഒ അറിയിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top