ചികിത്സ വൈകിപ്പിച്ചു; ഉത്തർപ്രദേശിൽ നാല് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

ചികിത്സ വൈകിപ്പിച്ചതിനെ തുടർന്ന് ഉത്തർപ്രദേശിൽ നാലു ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ശ്വാസമുട്ടലിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച കുഞ്ഞിന് ഡോക്ടർമാരുടെ അനാസ്ഥ മൂലം മൂന്ന് മണിക്കൂറാണ് ചികിത്സ വൈകിയത്. സംഭവത്തെ തുടർന്ന് ഒരു ഡോക്ടറെ ഉത്തർപ്രദേശ് സർക്കാർ സസ്‌പെൻഡ് ചെയ്തു
ഉത്തർ പ്രദേശിലെ ബറേലിയിൽ സിഎംഎസ് ആശുപത്രിയിലാണ് നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ഡോക്ടർമാരുടെ അനാസ്ഥ മൂലം മരിക്കുന്നത്. ശ്വാസതടസം മൂലം ആദ്യം പുരുഷന്മാരുടെ ആശുപത്രിയിൽ എത്തിച്ച കുഞ്ഞിനെ ഡോക്ടർ സ്ത്രീകളുടെ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.
പ്രാഥമിക ശുശ്രൂഷ പോലും നൽകാതെ, ആശുപത്രിയിലെ അടിസ്ഥാന സൌകര്യങ്ങളുടെ അപര്യപ്തത ചൂണ്ടി കാണിച്ചായിരുന്നു ഡോക്ടർമാരുടെ നിർദേശം. എന്നാൽ സ്ത്രീകളുടെ ആശുപത്രിയിൽ നിന്നും സമാന സാഹചര്യ ഉണ്ടായി. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുഞ്ഞിൻറെ മരണത്തിന് കാരണമെന്ന് മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചു. വിമർശനത്തെ തുടർന്ന് പുരുഷ ആശുപത്രിയിലെ പ്രിസൈഡിംഗ് ഡോക്ടറെ സസ്‌പെൻറ് ചെയ്തു. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here