314 ടീം ടോട്ടലിനെതിരെ 10 റൺസിന് എല്ലാവരും പുറത്ത്; വീണ്ടും ടി-20 റെക്കോർഡ്

ടി-20 ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ തോൽവി വഴങ്ങി മാലി വനിതാ ക്രിക്കറ്റ് ടീം. 304 റൺസിനാണ് മാലി ഉഗാണ്ടയോട് പരാജയപ്പെട്ടത്. 314 റൺസെടുത്ത ഉഗാണ്ട ടി20യിൽ ഏറ്റവുമയർന്ന സ്കോർ കുറിച്ചതിനൊപ്പം ഏറ്റവും കൂടുതൽ റണ്ണുകൾക്ക് തോറ്റ ടീമെന്ന റെക്കോർഡ് മാലിയും സ്വന്തമാക്കി.
റുവാണ്ടയിൽ നടന്ന ക്വിബുക ടി-20 ടൂർണമെൻ്റിലാണ് സംഭവം. രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഉഗാണ്ട 314 റൺസെടുത്തത്. ഉഗാണ്ടയ്ക്കു വേണ്ടി രണ്ട് കളിക്കാർ സെഞ്ചുറിയടിച്ചു. ഒരു ഇന്നിംഗ്സിൽ രണ്ട് സെഞ്ചുറി പിറക്കുന്ന ആദ്യ മത്സരമായിരുന്നു ഇത്. 30 നോ ബോളുകളും 28 വൈഡുകളും സഹിതം മാലി നൽകിയത് 61 എക്സ്ട്ര റണ്ണുകളാണ്.
മറുപടി ബാറ്റിംഗിനിറങ്ങിയ മാലി 11.1 ഓവറിൽ എല്ലാവരും പുറത്തായി. ആറു പേർ പൂജ്യത്തിനു പുറത്തായപ്പോൾ ഒരു ബാറ്റർ പോലും നാലു റണ്ണിനപ്പുറം സ്കോർ ചെയ്തില്ല.
നേരത്തെ, ഇതിനു മുൻപത്തെ കളിയിൽ റുവാണ്ടയ്ക്കെതിരെ ആറു റൺസിനു പുറത്തായ മാലി ടി-20 ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടൽ സ്വന്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here