തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ മാറ്റമില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാൻ അനുവദിക്കില്ലെന്ന സംസ്ഥാന സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ പ്രധാനമന്ത്രിയുടെ പ്രതികരണം മോശമല്ലെന്നും പ്രതീക്ഷയോടെ കുറച്ചു കൂടി കാത്തിരിക്കാമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. നൂറാം പിറന്നാൾ ആഘോഷിക്കുന്ന കെ.ആർ.ഗൗരിയമ്മയ്ക്ക് നിയമസഭയുടെ ആദരം. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഗൗരിയമ്മയ്ക്ക് ആശംസകൾ നേർന്നു.
ചോദ്യോത്തര വേളയിലാണ്, തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാൻ അനുവദിക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിച്ചത്.
കാൻസറില്ലാത്ത സ്ത്രീക്ക് കോട്ടയം മെഡിക്കൽ കൊളജിൽ കീമോ നൽകിയ സംഭവത്തിൽ പ്രിൻസിപ്പലിന്റെ അന്വേഷണ റിപ്പോർട്ടിൽ ചികിത്സിച്ച ഡോക്ടറർമാർക്ക് പിഴവ് സംഭവിച്ചതായി പറയുന്നില്ലെന്ന് ആരോഗ്യമന്ത്രിക്ക് വേണ്ടി സി.രവീന്ദ്രനാഥ് സഭയെ അറിയിച്ചു.അന്വേഷത്തത്തിന് ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും. സ്വകാര്യ ലാബുകളുടെ കണക്ക് സർക്കാരിന്റെ കൈയ്യിലില്ലെന്നും ലാബുകളുടെ രജിസ്ട്രേഷൻ പൂർത്തിയാകുന്നതോടെ കൃത്യമായ കണക്കുകൾ ലഭിക്കുമെന്നും ആരോഗ്യ മന്ത്രി സഭയെ അറിയിച്ചു.
നൂറാം പിറന്നാൾ ആഘോഷിക്കുന്ന വിപ്ലവ നായിക കെ.ആർ.ഗൗരിയമ്മയ്ക്കുള്ള സഭയുടെ ആദരം സ്പീക്കർ പ്രത്യേക ശ്രദ്ധ ക്ഷണിക്കലിലൂടെ കൈമാറി.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഗൗരിയമ്മയ്ക്ക് ആശംസകൾ അറിയിച്ചു. ഗൗരിയമ്മയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കേണ്ടതുള്ളത് കൊണ്ട് വെള്ളിയാഴ്ച്ച സഭ ചേരേണ്ടതില്ലെന്ന് തീരുമാനിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here