പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ മരണത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. നഗരസഭയ്ക്ക് വീഴ്ചപറ്റിയെന്ന വിലയിരുത്തലിലാണ് കേസെടുത്തത്. പാർത്ഥാസ് ബിൽഡേഴ്‌സ് നഗരസഭയ്ക്ക് അപേക്ഷ സമർപ്പിച്ചതു മുതലുള്ള നടപടികളായിരിക്കും കോടതി പരിശോധിക്കുക. ഏത് സാഹചര്യത്തിലാണ് ഓഡിറ്റോറിയത്തിന് അനുമതി നിഷേധിക്കപ്പെട്ടത്, അതിനെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നത് കോടതി പരിശോധിക്കും. കൂടാതെ രാഷ്ട്രീയ ഇടപെടലിനെ തുടർന്നാണോ അനുമതി നിഷേധിച്ചതെന്നും പരിശോധിക്കും.

അതേസമയം, പ്രവാസിയുടെ മരണം ആശങ്കയുളവാക്കുന്നതെന്ന് കോടതി വിലയിരുത്തി. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കോടതി സർക്കാരിന് നോട്ടീസ് അയച്ചു. ജൂലൈ 15നകം റിപ്പോർട്ട് നൽകണമെന്നും അപേക്ഷകളിലെ മൗനം മാപ്പർഹിക്കാത്ത തെറ്റെന്നും കോടതി വിലയിരുത്തി.

കഴിഞ്ഞ ദിവസമാണ് പ്രവാസി വ്യവസായിയായ കൊറ്റാളി സ്വദേശി സാജൻ പാറയിൽ ആത്മഹത്യ ചെയ്തത്. സാജന്റ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയത്തിന് ആന്തൂർ നഗരസഭ പ്രവർത്തനാനുമതി നൽകാത്തതിൽ മനംനൊന്തായിരുന്നു ആത്മഹത്യ. 20 വർഷത്തോളമായി നൈജീരിയയിൽ ബിസിനസ് ചെയ്തിരുന്ന സാജൻ പതിനഞ്ച് കോടി രൂപ ചെലവഴിച്ചാണ് ആന്തൂരിൽ പാർത്ഥ കൺവെൻഷൻ സെന്റർ എന്ന പേരിൽ ഓഡിറ്റോറിയം നിർമ്മിച്ചത്. പ്രവർത്തനാനുമതി ലഭിക്കാൻ നഗരസഭയെ സമീപിച്ചിരുന്നു. എന്നാൽ അപേക്ഷ നൽകി നാല് മാസമായിട്ടും അനുമതി ലഭിക്കാത്തതുകൊണ്ടുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top