കോയമ്പത്തൂർ കേന്ദ്രീകരിച്ച് ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്; അതീവ ജാഗ്രത

കോയമ്പത്തൂർ കേന്ദ്രീകരിച്ച് ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിൽ അതീവ ജാഗ്രത തുടരുന്നു. അബു അൽകിതാൽ എന്ന ഐഎസ് അനുകൂല സംഘടന ആക്രമണത്തിന് പദ്ധതിയിടുന്നുവെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പ്. ആരാധനാലയങ്ങൾ, ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ എന്നിവടങ്ങളിൽ നിരീക്ഷണം ശക്തമാക്കി.

കോയമ്പത്തൂർ ഉൾപ്പെടുന്ന പടിഞ്ഞാറൻ തമിഴ്‌നാട്ടിൽ പ്രത്യേക ജാഗ്രത വേണമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ നിർദ്ദേശം. ഐഎസുമായി ബന്ധമുള്ള സംഘടനയായ അബു അൽകിതാലിലെ അംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. അംഗങ്ങൾ തമ്മിലുള്ള ആശയ വിനിമയത്തിൽ നിന്നാണ് ആക്രമണം സംബന്ധിച്ച സൂചന ലഭിച്ചത്.

അതേസമയം, ആക്രമണ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ക്രിസ്ത്യൻ ദേവാലയത്തിലുണ്ടായ സ്‌ഫോടനത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി തമിഴ്‌നാട്ടിൽ പരിശോധന നടത്തിവരികയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top