ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ കുടുംബം ഇന്ന് മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കും

കണ്ണൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കും. സാജന്റെ മരണത്തിന് ഉത്തരവാദികളായ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പികെ ശ്യാമളയ്ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കുക.

സംഭവം പാര്‍ട്ടി പരിശോധിച്ച് നടപടിയെടുക്കുമെന്ന് സാജന്റെ കുടുംബത്തെ സന്ദര്‍ശിച്ച സിപിഎം നേതാക്കള്‍ ഉറപ്പ് നല്‍കിയിരുന്നു. ഇന്ന് ആന്തൂര്‍ നഗരസഭയിലേക്ക് ബിജെപി മാര്‍ച്ച് നടത്തും. നഗരസഭ അധ്യക്ഷയ്‌ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസ് എടുക്കുക, സാജന്റെ മരണം പോലീസ് സമഗ്രമായി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി മാര്‍ച്ച് നടത്തുന്നത്. രാവിലെ 10 മണിക്ക് ധര്‍മ്മശാലയില്‍ നിന്നും തുടങ്ങുന്ന മാര്‍ച്ച് സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യും.

20 വര്‍ഷത്തോളമായി നൈജീരിയയില്‍ ബിസിനസ് ചെയ്യുന്ന കണ്ണൂര്‍ സ്വദേശി സാജന്‍ പാറയിലിനെ കൊറ്റാളി അരേമ്പത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സാജന്‍ പതിനഞ്ച് കോടി രൂപ ചെലവഴിച്ച് ആന്തൂരില്‍ നിര്‍മ്മിച്ച പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്റര്‍ എന്ന ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി ലഭിക്കാന്‍ നഗരസഭയെ സമീപിച്ചിരുന്നു. എന്നാല്‍ അപേക്ഷ നല്‍കി നാല് മാസമായിട്ടും അനുമതി ലഭിക്കാത്തതുകൊണ്ടുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top