എഴുപത്തിയാറര ലക്ഷത്തോളം വിദേശ ഉംറ തീര്‍ഥാടകര്‍ സൗദിയില്‍ എത്തിയതായി സൗദി ഹജ്ജ് മന്ത്രാലയം

ഇത്തവണ എഴുപത്തിയാറര ലക്ഷത്തോളം വിദേശ ഉംറ തീര്‍ഥാടകര്‍ സൗദിയില്‍ എത്തിയതായി സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. തീര്‍ഥാടകരുടെ എണ്ണത്തില്‍ ഇന്ത്യയാണ് മൂന്നാമത്. ഈ സീസണില്‍ ഉംറ വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തി വെച്ചു.
ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ഈ സീസണില്‍ ഇതുവരെ എഴുപത്തിയാറു ലക്ഷത്തി അറുപതിനായിരം വിദേശ ഉംറ വിസകള്‍ അനുവദിച്ചു. ഇതില്‍ എഴുപത്തിനാല് ലക്ഷത്തി നാല്‍പ്പതിനായിരം തീര്‍ഥാടകര്‍ സൌദിയിലെത്തി കര്‍മങ്ങള്‍ നിര്‍വഹിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
എഴുപത് ലക്ഷത്തി പതിനേഴായിരം പേര്‍ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങി. രണ്ട് ലക്ഷത്തി എഴുപത്തിയൊരായിരം വിദേശ തീര്‍ഥാടകരാണ് ഇപ്പോള്‍ സൗദിയില്‍ ഉള്ളത്. ഇതില്‍ ഒരു ലക്ഷത്തി നാല്‍പ്പത്തിയാറായിരം പേര്‍ മക്കയിലും ബാക്കിയുള്ളവര്‍ മദീനയിലുമാണ് ഇപ്പോഴുള്ളത്. ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം പേര്‍ കപ്പല്‍ കടല്‍ മാര്‍ഗവും ഏഴ് ലക്ഷത്തി ഒമ്പതിനായിരം പേര്‍ റോഡ് മാര്‍ഗവും ബാക്കിയുള്ളവര്‍ വിമാന മാര്‍ഗവുമാണ് സൗദിയില്‍ എത്തിയതെന്ന് മന്ത്രാലയത്തിന്റെ പ്രതിവാര റിപ്പോര്‍ട്ട് പറയുന്നു.
പാകിസ്ഥാനില്‍ നിന്നും പതിനാറ് ലക്ഷത്തി എഴുപതിനായിരം തീര്‍ഥാടകരും ഇന്തോനേഷ്യയില്‍ നിന്ന് ഒമ്പത് ലക്ഷത്തി എഴുപത്തി നാലായിരം തീര്‍ഥാടകരും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ നിന്ന് ആറു ലക്ഷത്തി അമ്പത്തി രണ്ടായിരം തീര്‍ഥാടകരും ഉംറ നിര്‍വഹിച്ചു. അതേ സമയം ഈ വര്‍ഷം ഉംറ വിസകള്‍ അനുവദിക്കുന്നത് ജൂണ്‍ പതിനേഴിന് നിര്‍ത്തി വെച്ചതായി മന്ത്രാലയം അറിയിച്ചു. ജൂലൈ രണ്ടോടെ എല്ലാ വിദേശ ഉംറ തീര്‍ഥാടകരും സ്വദേശതേക്ക് മടങ്ങണമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു. ഹജ്ജ് സീസണ്‍ കഴിഞ്ഞതിന് ശേഷമേ ഇനി ഉംറ വിസകള്‍ അനുവദിക്കുകയുള്ളൂ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here