യുവതിയുടെ പുതുക്കിയ പാസ്‌പോർട്ടിൽ ഭർത്താവിന്റെ പേര് ബിനോയ്; അന്വേഷണം ഊർജിതമാക്കി മുംബൈ പൊലീസ്

ബിഹാർ സ്വദേശിനിയുടെ പീഡന പരാതിയിൽ ഒളിവിൽ പോയ ബിനോയ് കോടിയേരിയെ കണ്ടെത്താനുള്ള ശ്രമം മുംബൈ പൊലീസ് ഊർജിതമാക്കി. ബിനോയ് കേരളം വിട്ടതായി സംശയിക്കുന്ന മുംബൈ പൊലീസ് സംസ്ഥാനത്തിന് പുറത്തും അന്വേഷണം നടത്തുന്നുണ്ട്.
പരാതി നൽകിയ ശേഷം ദിവസവും ഓഷ്‌വാര സ്റ്റേഷനിലെത്തി കേസിന്റെ നിലവിലത്തെ പുരോഗതി അന്വേഷിക്കുന്ന പരാതിക്കാരിയായ യുവതി പൊലീസിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. ബിനോയ് കേരളം വിട്ടെന്നുറപ്പിക്കുന്ന അന്വേഷണ സംഘം സംസ്ഥാനത്തിന് പുറത്തും അന്വേഷണം നടത്തുന്നുണ്ട്. മുംബൈയിൽ നിന്നുള്ള അന്വേഷണ സംഘം ഇപ്പോഴും കേരളത്തിൽ തുടരുന്നുണ്ട്. ഇന്നലേയും മൊഴി നൽകാൻ ഹാജരായ യുവതി ബിനോയിക്കെതിരായ കൂടുതൽ തെളിവുകൾ കൈമാറി.
അന്വേഷണ സംഘത്തിന് കൈമാറിയ യുവതിയുടെ പാസ്‌പോർട്ടിൽ ഭർത്താവിന്റെ പേരായി ബിനോയി വിനോദിനി കോടിയേരി ബാലകൃഷ്ണൻ എന്നാണുള്ളത്. 2014 ൽ പുതുക്കിയ പാസ്‌പോർട്ടിലാണ് ഭർത്താവിന്റെ പേര് ഇപ്രകാരം ചേർത്തിരിക്കുന്നത്. യുവതി നേരത്തെ നൽകിയ ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം, മുൻകൂർ ജാമ്യം തേടി ബിനോയ് മുംബൈ സെഷൻസ് കോടതിയിൽ നൽകിയ ഹർജിയിൽ നാളെ വിധി പറയും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here