Advertisement

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; പ്രത്യേക സംഘം അന്വേഷണം തുടങ്ങി

June 23, 2019
Google News 1 minute Read

പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. കണ്ണൂർ ജില്ലാ പൊലീസ് മേധാവിയുമായി സംഘം കൂടിക്കാഴ്ച നടത്തി. കണ്ണൂർ നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി വി.എ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കേസിൽ അന്വേഷണം തുടങ്ങിയത്.

അന്വേഷണസംഘം സാജന്റെ കുടുംബത്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. നേരത്തെ വളപട്ടണം പൊലീസ് കുടുംബത്തിന്റെ മൊഴിയെടുത്തിരുന്നു. നിലവിൽ അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. നഗരസഭാധ്യക്ഷ പി.കെ ശ്യാമളയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അതേസമയം, നഗരസഭ അധ്യക്ഷയെ രക്ഷിക്കാനാണ് സിപിഐഎം ശ്രമിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണം. ഐജി തല അന്വേഷണം വേണമെന്നും ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നേതാക്കൾ സാജന്റെ കുടുംബത്തെ സന്ദർശിച്ചു. കൺവെൻഷൻ സെന്ററിന് 24 മണിക്കൂറിനകം അന്തിമാനുമതി നൽകണമെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ ആവശ്യപ്പെട്ടു.

Read more:‘മരിക്കുന്നതിന് തലേന്ന് അച്ഛൻ മനോവിഷമത്തിലായിരുന്നു; സാജന്റെ ആത്മഹത്യയിൽ മകൻ ട്വന്റിഫോറിനോട്

അതിനിടെ സാജന്റെ ആത്മഹത്യയിൽ പ്രതികരണവുമായി മകൻ പാർത്ഥിപ് രംഗത്തെത്തി. മരിക്കുന്നതിന് തലേന്ന് അച്ഛൻ മനോവിഷമത്തിലായിരുന്നുവെന്ന് മകൻ പറഞ്ഞു. കെട്ടിടത്തിന് അനുമതി ലഭിക്കാത്തത് സംബന്ധിച്ച് അച്ഛൻ ടെൻഷനിലായിരുന്നു. കെട്ടിടത്തിന് നഗരസഭാധ്യക്ഷ അനുമതി നൽകില്ലെന്ന് ഉറപ്പായിരുന്നു. ലൈസൻസിനുള്ള എല്ലാ സാധ്യതകളും അടഞ്ഞതോടെയാണ് അച്ഛൻ വിഷമത്തിലായത്. ലൈസൻസ് സംബന്ധിച്ച് എന്തെങ്കിലും ഒരു പ്രതീക്ഷ ഉണ്ടായിരുന്നെങ്കിൽ അച്ഛൻ ആത്മഹത്യ ചെയ്യില്ലായിരുന്നു. തങ്ങളുടെ സ്വപ്‌ന പദ്ധതിയായിരുന്നു ആ ഓഡിറ്റോറിയം. അതിന് ലൈസൻസ് ലഭ്യമാക്കുകയാണ് വേണ്ടതെന്നും സാജന്റെ മകൻ വ്യക്തമാക്കി.

20 വർഷത്തോളമായി നൈജീരിയയിൽ ബിസിനസ് ചെയ്തു വരികയായിരുന്നു സാജൻ. ദിവസങ്ങൾക്ക് മുൻപാണ് തന്റെ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയത്തിന് അനുമതി ലഭിക്കാത്തതിൽ മനംനൊന്ത് സാജൻ ആത്മഹത്യ ചെയ്തത്. പതിനഞ്ച് കോടി രൂപ ചെലവഴിച്ചായിരുന്നു ആന്തൂരിൽ പാർത്ഥ കൺവെൻഷൻ സെന്റർ എന്ന പേരിൽ ഓഡിറ്റോറിയം നിർമ്മിച്ചത്. പ്രവർത്തനാനുമതിക്കായി പലതവണ നഗരസഭാ ചെയർപേഴ്‌സണെ സമീപിച്ചിട്ടും അനുമതി നൽകിയിരുന്നില്ല. സംഭവം വിവാദമായതോടെ നഗരസഭാധ്യക്ഷയ്‌ക്കെതിരെ സാജന്റെ ഭാര്യ രംഗത്തെത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here