തീവണ്ടിയുടെ ചൂളം വിളി ഇനി മൂന്നാറിലേക്കും…

തീവണ്ടിയുടെ ചൂളം വിളിയ്ക്ക് കാതോര്‍ത്തിരിക്കുകയാണ് തെക്കിന്റെ കാശ്മീരായ മൂന്നാര്‍. മുമ്പ് മൂന്നാറിലുണ്ടായിരുന്ന ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. മുമ്പുണ്ടായിരുന്ന പാതകള്‍ കണ്ടെത്തുന്നതിനായുള്ള പ്രാഥമിക പരിശോധനകളള്‍ക്കും തുടക്കമായി.

മലയോര മേഖലയായ ഇടുക്കിലെ മൂന്നാറിലും മുമ്പ് ട്രെയിന്‍ ഉണ്ടായിരുന്നു. ബ്രീട്ടീഷ് ഭരണകാലത്ത് മൂന്നാറില്‍ തേയില, ഭക്ഷണ വസ്തുക്കള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവ എത്തിയ്ക്കുന്നതിന് ഇംഗ്ലീഷുകാരുടെ നേതൃത്വത്തിലായിരുന്നു മൂന്നാറില്‍ റെയില്‍ സര്‍വ്വീസ് ആരംഭിച്ചത്. ആദ്യം മോണോ റെയില്‍ ആയും പിന്നീട് ആവി വണ്ടി ആയും ഓടിയിരുന്ന ട്രെയിന്‍ സര്‍വ്വീസ് 1924 ലുണ്ടായ പ്രളയത്തിലാണ് തകര്‍ന്നടിഞ്ഞത്.

ഇതിന് ശേഷം മൂന്നാറില്‍ ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ നടക്കുന്നത് ഇതാദ്യമായിട്ടാണ്. ഇതിന്റെ മുമ്പ് ട്രെയിന്‍ ഓടിയിരുന്ന പാതകള്‍ കണ്ടെത്തുന്നതിനും സ്ഥാനങ്ങള്‍ നിര്‍ണ്ണയക്കുന്നതിനുമുള്ള പരിശോധനകളാണ് നടന്നത്. മൂന്നാര്‍, മാട്ടുപ്പെട്ടി, പാലാര്‍, കുണ്ടള എന്നീ സ്ഥലങ്ങളിലാണ് പരിശോധനകള്‍ നടന്നത്. പ്രാഥമികപരിശോധന നടത്തി റിപ്പോര്‍ട്ട് റെയില്‍വേയ്ക്ക് കൈമാറും. റെയില്‍വേയുടെ ഉന്നതതല സംഘവും വിദഗ്ദരും മൂന്നാറിലെത്തി പഠനങ്ങള്‍ നടത്തിയ ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം 5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയായിരിക്കും നിര്‍മ്മിക്കുക. പരീക്ഷണം വിജയിച്ചാല്‍ മൂന്നാറിലെ തേയിലത്തോട്ടങ്ങളുടെയിടയിലൂടെ വീണ്ടും തീവണ്ടി ഓടിത്തുടങ്ങും. . മൂന്നാറില്‍ ട്രെയിന്‍ എന്ന സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ടൂറിസം വികസനത്തില്‍ കുതിപ്പേകുമെന്ന പ്രതീക്ഷയാണ് അധികൃതര്‍ക്കുള്ളത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top