മുവാറ്റുപുഴയിൽ സ്കൂൾ അസംബ്ലിയിലേക്ക് കാർ പാഞ്ഞ് കയറിയ സംഭവം; ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

മുവാറ്റുപുഴ വിവേകാനന്ദ സ്കൂൾ അസംബ്ലിയിലേക്ക് കാർ പാഞ്ഞ് കയറി ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. ഇടുക്കി അരീക്കുഴ സ്വദേശിനി വി.എം രേവതിയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ അപകടത്തിൽ എട്ട് കുട്ടികൾക്കും പരിക്കേറ്റിരുന്നു. സംഭവത്തിൽ മന:പ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു.
കഴിഞ്ഞ വെള്ളിയാഴ്ച യോഗാ ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന സ്കൂൾ അസംബ്ലിയിലേയ്ക്ക് കാർ പാഞ്ഞുകയറിയാണ് അധ്യാപികയ്ക്കും എട്ട് കുട്ടികൾക്കും പരുക്കേറ്റത്. ഇതേ സ്കൂളിലെ അഡ്മിനിസ്ട്രേറ്ററുടെ കാർ നിയന്ത്രണം വിട്ട് ഇവരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അദ്ധ്യാപികയേയും 2 കുട്ടികളെയും കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നട്ടെല്ലിന് ഗുരുതര പരുക്കേറ്റ അധ്യാപിക രണ്ട് ദിവസമായി ന്യൂറോ ഐസിയുവിൽ ചികിത്സയിലായിരുന്നു. വൈകിട്ട് ഏഴുമണിയോടെയാണ് മരണം സംഭവിച്ചത്. കഴുത്തിലെ സ്പൈനൽ കോഡിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിസാര പരുക്കേറ്റ കുട്ടികളെ ചികിത്സ നൽകി വിട്ടയച്ചിരുന്നു. സംഭവത്തിൽ മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായി മുവാറ്റുപുഴ പൊലീസ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here