‘മകനെ സഹായിച്ചിട്ടില്ല; പരാതിയെ പറ്റി ജനുവരിയിൽ അറിഞ്ഞിരുന്നു’ : കോടിയേരി ബാലകൃഷ്ണൻ

മകൻ ബിനോയിക്കെതിരായ കേസിൽ നിലപാട് ആവർത്തിച്ച് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഒരുതരത്തിലുള്ള ഒത്തുതീർപ്പിനും ശ്രമിച്ചിട്ടില്ലെന്നും ഭാര്യ മുംബൈയിൽ പോയത് നിജസ്ഥിതി അറിയാനാണെന്നും കോടിയേരി വ്യക്തമാക്കി. എ.കെ.ജി സെന്ററിൽ സമാപിച്ച സംസ്ഥാന സമിതി യോഗത്തിലും വിഷയം റിപ്പോർട്ട് ചെയ്തു.
ബിനോയിയെ ഇതുവരെ സഹായിച്ചിട്ടില്ലെന്നും ഇനി സഹായിക്കില്ലെന്നുമാണ് കോടിയേരി സംസ്ഥാനസമിതിയെ അറിയിച്ചത്. യോഗത്തിൽ കൂടുതൽ ചർച്ചകൾ ഉണ്ടായതുമില്ല. തുടർന്നാണ് വാർത്താസമ്മേളനം വിളിച്ച് കൂടുതൽ വിശദീകരണങ്ങൾക്ക് കോടിയേരി തയാറായത്. ജനുവരിയിൽ ബിനോയിയുടെ പേരിൽ നോട്ടീസ് വന്നപ്പോഴാണ് വിവരം അറിയുന്നതെന്ന് കോടിയേരി പറഞ്ഞു. മുംബൈയിലെ അഭിഭാഷകന്റെ വെളിപ്പെടുത്തലുകളും അദ്ദേഹം ശരിവെച്ചു.
ആരോപണങ്ങൾ നിഷേധിക്കുകയാണ് ബിനോയ് ചെയ്തത്. രേഖകൾ വ്യാജമാണെന്നും പറഞ്ഞു. ഭാര്യ വിനോദിനി പരാതിക്കാരിയെ കണ്ടിരുന്നതായും കോടിയേരി സമ്മതിച്ചു.
മകന് ദുബായിൽ കെട്ടിട നിർമാണ ബിസിനസായിരുന്നുവെന്നും നല്ല രീതിയിൽ പോയിരുന്നുവെന്നും പിന്നീട് കടം വന്നുവെന്നും അതിനാണ് ദുബായിൽ കടം വാങ്ങിയതെന്നും കോടിയേരി പറഞ്ഞു. കോടികൾ കൊടുക്കാൻ ഉണ്ടായിരുന്നെങ്കിൽ ഈ കേസും വരുമായിരുന്നില്ലല്ലോയെന്നും കോടിയേരി ചോദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here