കണ്ണൂരിലെ പ്രവാസി വ്യവസായിയുടെ കുടുംബാഗംങ്ങളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുന്നു

കണ്ണൂരിലെ പ്രവാസി വ്യവസായി സാജന്റ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘം വീണ്ടും കുടുംബാഗങ്ങളുടെ മൊഴി രേഖപ്പെടുത്തുന്നു. ആത്മഹത്യ ചെയ്ത മുറിയിലും അന്വേഷണ സംഘം പരിശോധന നടത്തി. ഓഡിറ്റോറിയവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും അന്വേഷണ സംഘം പരിശോധിക്കുകയാണ്. പി.കെ ശ്യാമളയുടെ മൊഴി എടുക്കുന്നത് വൈകിയേക്കും.
ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ വീട്ടിലെത്തിയാണ് ഭാര്യ ബീന അടക്കമുള്ളവരുടെ മൊഴി വീണ്ടും അന്വേഷണ സംഘം രേഖപ്പെടുത്തുന്നത്. ആത്മഹത്യ ചെയ്ത മുറിയില്‍ സംഘം പരിശോധന നടത്തി. ഡിവൈഎസ്പി വിഎ കൃഷ്ണദാസ്, സിഐ കൃഷ്ണന്‍, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ യോഗം ചേര്‍ന്നിരുന്നു.
സാജന്റെ മരണവുമായി ബന്ധപ്പെട്ട് അസ്വഭാവിക മരണത്തിന് വളപട്ടണം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മൊഴി അടക്കമുള്ള മുഴുവന്‍ രേഖകളും അന്വേഷണസംഘം പരിശോധിച്ചു. തുടര്‍ന്നാണ് സാജന്റെ വീട്ടിലും നഗരസഭയിലും പരിശോധന നടത്തിയത്. ആത്മഹത്യ കുറിപ്പടക്കം മരണകാരണങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന എന്തെങ്കിലും സൂചനകള്‍ ലഭിക്കുമൊയെന്നാണ് പരിശോധനയുടെ ലക്ഷ്യം.
സാജന്റെ മൊബൈല്‍ ഫോണും പരിശോധിക്കും. സാജന്റെ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയവുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഇതിനൊപ്പം ജില്ലാ ടൗണ്‍ പ്ലാനിംഗ് ഓഫിസില്‍ നിന്നുള്ള രേഖകളും പരിശോധിക്കും. തുടര്‍ന്ന് നഗരസഭ സെക്രട്ടറി അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തും. എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട് ആന്തുര്‍ നഗരസഭ അധ്യക്ഷ പികെ ശ്യാമളയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തില്ലെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here