ആന്തൂർ ആത്മഹത്യ; പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കൺവെൻഷൻ സെന്ററിന് അനുമതി ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ചില സൂചനകൾ സാജന്റെ ഡയറിയിലുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. സാജന്റെ ബിസിനസ് ഇടപാടുകളെ കുറിച്ച് അന്വേഷിക്കുന്നതിനൊപ്പം സുഹൃത്തുക്കളുടെ മൊഴിയും വിശദമായി രേഖപ്പെടുത്തും.
സാജന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ഡയറിയിലാണ് കൺവെൻഷൻ സെൻററുമായി ബന്ധപ്പെട്ട ചില പരാമർശങ്ങളുള്ളത്. സഹായിച്ച നേതാക്കളുടെ പേരുകൾ ഡയറിയിൽ പരാമർശിക്കുന്നുണ്ടെങ്കിലും പദ്ധതിക്ക് തടസ്സം നിന്ന ആരുടേയും പേര് പറയുന്നില്ല. കഴിഞ്ഞ ദിവസം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. സാജന്റെ ഭാര്യയുടെയും, അടുത്ത ബന്ധുക്കളുടെയും മൊഴി വീണ്ടും രേഖപ്പെടുത്തിയിരുന്നു. കസ്റ്റഡിയിലെടുത്ത ഐഫോണിലെ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.
രേഖകൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും നഗരസഭയിലെ ഉദ്യോഗസ്ഥരുടേയും അധ്യക്ഷ പി.കെ ശ്യാമളയുടേയും മൊഴിയെടുക്കുന്ന കാര്യം തീരുമാനിക്കുക. അതേ സമയം ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന സി പി എം സംസ്ഥാന സെക്രട്ടറിയുടെ നിലപാട് സാജന്റ ഭാര്യ തള്ളി. ചെയർപേഴ്‌സണറിയാതെ ഉദ്യോഗസ്ഥർ ലൈസൻസ് നിഷേധിക്കില്ലെന്നും ബീന.
ചെയർപേഴ്‌സന്റെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് നാളെ പ്രതിഷേധ പരിപാടികൾ തീരുമാനിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here