സർക്കാർ വിളിച്ച സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗം ഇന്ന്

സർക്കാർ വിളിച്ച സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽച്ചേരുന്ന യോഗത്തിൽ, കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം സംബന്ധിച്ചാണ് പ്രധാന ചർച്ച. വായ്പാ തിരിച്ചടവ് മുടങ്ങിയാൽ ജപ്തി നടപടികളുമായി മുന്നോട്ടു പോകുമെന്ന് ബാങ്കേഴ്‌സ് സമിതി കഴിഞ്ഞ ദിവസം പത്രപ്പരസ്യം നൽകിയിരുന്നു. ഈ പശ്ചാത്തലത്തിൽ ഇന്നത്തെ യോഗത്തിൽ ബാങ്കുകളുടെയും സർക്കാരിന്റെയും നിലപാട് നിർണായകമാകും.
നിലവിൽ ജൂലൈ 31 വരെ കാർഷിക വായ്പകൾക്ക് ഉള്ള മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. എന്നാൽ ഇതിന് റിസർവ് ബാങ്ക് അനുമതി നിഷേധിച്ചത് സർക്കാരിനും കർഷകർക്കും പ്രതിസന്ധിയായി. ഇത് മറികടക്കുന്നതിനുള്ള സാധ്യതകൾ ആരായാനാണ് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ യോഗം സർക്കാർ ഇന്ന് വിളിച്ചിരിക്കുന്നത്.
എന്നാൽ, മൊറട്ടോറിയം നീട്ടുന്നതിന് ആർബിഐ അനുമതി നിഷേധിച്ച സാഹചര്യത്തിൽ ജപ്തി നടപടികളുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ച് കഴിഞ്ഞ ദിവസം സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി നൽകിയ പത്രപ്പരസ്യം സർക്കാരിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. സർക്കാരും ബാങ്കേഴ്‌സ് സമിതിയും രണ്ടു തട്ടിൽ നിൽക്കുന്ന പശ്ചാത്തലത്തിൽക്കൂടിയാണ് ഇന്നത്തെ യോഗം. ജപ്തി നടപടികൾ അനുവദിക്കില്ലെന്ന് സർക്കാരും നിലവിലെ മൊറട്ടോറിയം കാലാവധി കഴിഞ്ഞാൽ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ബാങ്കുകളും നിലപാടിൽ ഉറച്ചു നിൽക്കുന്നതിനാൽ ഇന്നത്തെ യോഗം നിർണായകമാണ്. യോഗത്തിൽ പ്രശ്‌ന പരിഹാരം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. റിസർവ് ബാങ്ക് ഗവർണറെ നേരിൽക്കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തി മൊറട്ടോറിയം നീട്ടാനുള്ള ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here