Advertisement

ഖാദർ കമ്മിറ്റി റിപ്പോർട്ടിന് ഏർപ്പെടുത്തിയ സ്റ്റേ നീക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ

June 25, 2019
Google News 0 minutes Read
high court of kerala

ഖാദർ കമ്മിറ്റി റിപ്പോർട്ടിന് ഏർപ്പെടുത്തിയ സ്റ്റേ നീക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പൊതു സമൂഹത്തിന്റെയും വിദ്യാർത്ഥി സമൂഹത്തിന്റെയും ഉത്തമ താൽപര്യം മുൻ നിർത്തി, എല്ലാവരുമായും ചർച്ച നടത്തിയാണ് ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഹൈസ്‌കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളുടെ ലയനമല്ല, ഭരണപരമായ സൗകര്യത്തിന് വേണ്ടിയുള്ള ഏകീകരണമാണ് നടപ്പാക്കുന്നതെന്ന് ഹർജിയിൽ പറയുന്നു. ഹർജി നാളെ കോടതി പരിഗണിക്കും.

പ്ലസ് ടു വരെയുള്ള സ്‌കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട വിദഗ്ധ സമിതിയാണ് ഖാദർ കമ്മീഷൻ. ഡോ എം എ ഖാദർ ചെയർമാനും ജി ജ്യോതിചൂഢൻ, ഡോ സി രാമകൃഷ്ണൻ എന്നിവർ അംഗങ്ങളുമായിട്ടാണ് സമിതി രൂപീകരിക്കപ്പെട്ടത്. സർവ ശിക്ഷാ അഭിയാൻ, രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാൻ എന്നിവ ലയിപ്പിച്ച് ഒന്നാക്കാനുള്ള കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്ന് അവ നടപ്പാക്കുന്നിന് മാർഗനിർദേശം നൽകാനായി ഖാദർ കമ്മീഷന് രൂപം നൽകിയത്.

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ്, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ് എന്നിവ സംയോജിപ്പിച്ച് ഒന്നാക്കുക എന്നതായിരുന്നു ഖാദർ കമ്മീഷന്റെ പ്രധാനശുപാർശ. സംസ്ഥാനത്തെ ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള എല്ലാ ക്ലാസുകളുടേയും നിയന്ത്രണവും ഏകോപനവും സ്‌കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിക്ഷിപ്തമാക്കണമെന്ന് കമ്മീഷൻ ശുപാർശ ചെയ്യുന്നു.

റിപ്പോർട്ട് അംഗീകരിച്ച് ജൂൺ ഒന്നിന് സർക്കാർ ഉത്തരവിറക്കിയിരുന്നു. റിപ്പോർട്ടിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിപക്ഷ അധ്യാപക സംഘടനകൾ പ്രതിഷേധിച്ചിരുന്നു. എന്നാൽ നിലപാട് മാറ്റാൻ സർക്കാർ തയ്യാറായിരുന്നില്ല. ഇതേ തുടർന്നാണ് ഒരു കൂട്ടം അധ്യാപകർ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here