മലയാളം പഠിപ്പിക്കാത്ത അണ്‍എയ്ഡഡ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കെതിരെ കർശന നടപടിക്കൊരുങ്ങി സർക്കാർ
സംസ്ഥാനത്ത് മലയാളം പഠിപ്പിക്കാത്ത അണ്‍എയ്ഡഡ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കെതിരെ കർശന നടപടിക്കു സർക്കാർ തീരുമാനം. ഇവയ്ക്ക് പ്രവര്‍ത്തനാനുമതി നഷേധിക്കുന്നതടക്കമുള്ള നടപടിയെടുക്കാനാണു നീക്കം. സൈനിക സ്കൂൾ, നവോദയ വിദ്യാലയം എന്നിവയും ഇതിൽ ഉൾപ്പെടും.ഇതിനായി സംസ്ഥാന സിലബസിനു പുറത്തുള്ള സ്കൂളുകളിൽ പരിശോധന നടത്തും. ഓഗസ്റ്റ് 31നകം പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകളിലും മലയാളം നിര്‍ബന്ധ വിഷയമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പല അണ്‍എയ്ഡഡ് സ്‌കൂളുകളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും സംസ്ഥാന സിലബസിനു പുറത്തു പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലും ഇതു നടപ്പാകുന്നില്ലെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ സ്‌കൂളുകളില്‍ വിശദമായ പരിശോധന നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരാണ് സ്‌കൂളുകളില്‍ പരിശോധന നടത്തുന്നത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സൈനിക് സ്‌കൂള്‍, കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം എന്നിവിടങ്ങളില്‍ പരിശോധന നടത്തണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. സംസ്ഥാന സിലബസ് പിന്തുടരുന്ന സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പരിശോധന നടത്തി സമയം കളയാതെ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പരിശോധന നടത്തണമെന്ന് സര്‍ക്കുലറില്‍ പ്രത്യേകം നിര്‍ദ്ദേശിക്കുന്നു. ഇത്തരം സ്‌കൂളുകളില്‍ മലയാളം പഠിപ്പിക്കുന്നതിനു എസ്.സി.ഇ.ആര്‍.ടി തയാറാക്കിയ പാഠപുസ്തകം യഥാസമയം ലഭ്യമാക്കാന്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ നടപടിയെടുക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. മലയാളം നിര്‍ബന്ധമായും പഠിപ്പിക്കാത്ത സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പരിശോധനയ്ക്ക് ശേഷം പ്രവര്‍ത്തനാനുമതി നിഷേധിക്കുന്നതടക്കമുള്ള നടപടികളുണ്ടാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here