Advertisement

ജേക്കബ് തോമസ് ബിജെപിയിലേക്ക്

June 25, 2019
Google News 1 minute Read
Jacob Thomas DGP

മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഐപിഎസ് ബിജെപിയിലേക്ക്. ഡൽഹിയിൽ ബിജെപി ദേശീയ നേതൃത്വവുമായി ഇതുസംബന്ധിച്ച് ചർച്ചകൾ നടന്നു. നിലവിൽ കാത്തിരിക്കാൻ ബിജെപി നേതൃത്വം ജേക്കബ് തോമസിന് നിർദ്ദേശം നൽകിയതായാണ് സൂചന.

ബിജെപി ദേശീയ സഹസംഘടന സെക്രട്ടറി ബി എൽ സന്തോഷുമായാണ് പാർട്ടിയിൽ ചേരുന്നത് സംബന്ധിച്ച് ജേക്കബ് തോമസ് ചർച്ച നടത്തിയത്. കേരളത്തിൽ നിന്നുള്ള മുതിർന്ന ആർഎസ്എസ് നേതാവിനൊപ്പമായിരുന്നു കൂടിക്കാഴ്ച. ബിജെപിയിൽ ചേരാനുള്ള താൽപര്യം പാർട്ടി ദേശീയ നേതൃത്വത്തെ ജേക്കബ് തോമസ് അറിയിച്ചു. എന്നാൽ നിലവിൽ കാത്തിരിക്കാനുള്ള നിർദ്ദേശമാണ് ബിജെപി നേതൃത്വത്തിൽ നിന്നും ജേക്കബ് തോമസിന് കിട്ടിയത്. അനുകൂല സാഹചര്യം വരുമ്പോൾ ഔദ്യോഗികമായി അംഗത്വം സ്വീകരിക്കാനാണ് നിർദ്ദേശം. അതേസമയം ബിജെപി സംസ്ഥാന നേതൃത്വത്തിന് ജേക്കബ് തോമസിന്റെ പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് അറിവൊന്നുമില്ല. ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആർഎസ്എസ് നേതാവും ബി എൽ സന്തോഷുമാണ് കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്.

നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 20-20 സ്ഥാനാർത്ഥിയായി ചാലക്കുടിയിൽ മത്സരിക്കാൻ ജേക്കബ് തോമസ് രംഗത്ത് വന്നിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ അത് നടന്നില്ല. തുടർന്നാണ് ബിജെപിയുമായുള്ള ചർച്ചകൾ ആരംഭിച്ചത്. കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ രണ്ടാമത് അധികാരത്തിൽ വന്നതും ബിജെപിയോടടുക്കാൻ ജേക്കബ് തോമസിനെ പ്രേരിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ പിണറായി സർക്കാരുമായും കോൺഗ്രസുമായും തുറന്ന പോരിലാണ് ജേക്കബ് തോമസ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here