ആന്തൂരിലെ ആത്മഹത്യ; പി കെ ശ്യാമളക്കെതിരെ തെളിവില്ലെന്ന് അന്വേഷണ സംഘം

കണ്ണൂർ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നഗരസഭാധ്യക്ഷ പി കെ ശ്യാമളയ്‌ക്കെതിരെ പ്രാഥമിക തെളിവുകളില്ലെന്ന് അന്വേഷണ സംഘം. കൺവെൻഷൻ സെന്ററിന് അനുമതി വൈകിപ്പിക്കാൻ ഉദ്യോഗസ്ഥ തലത്തിൽ ശ്രമം നടന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. രേഖകളുടെ പ്രാഥമിക പരിശോധനയിൽ ഇത് വ്യക്തമായിട്ടുണ്ട്. നഗരസഭാ എഞ്ചിനീയർ ശുപാർശ ചെയ്തിട്ടും സെക്രട്ടറി അനാവശ്യ ഇടപെടലുകൾ നടത്തിയെന്നാണ് കണ്ടെത്തൽ. അതേസമയം കൺവെൻഷൻ സെന്ററിന് നഗരസഭ ഇന്ന് അനുമതി നൽകിയേക്കും.

സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നഗരസഭാധ്യക്ഷ പി കെ ശ്യാമളയ്‌ക്കെതിരെ കടുത്ത വിമർശമാണ് ഉയർന്നിരുന്നത്. ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിന് ഉദ്യോഗസ്ഥർ തയ്യാറായത്. നഗരസഭയിലെ രേഖകൾ അന്വേഷണ സംഘം വിശദമായി പരിശോധിച്ചു. മുനിസിപ്പൽ എഞ്ചിനീയർ അടക്കം ഓഡിറ്റോറിയത്തിന് അനുമതി നൽകാണമെന്ന് ശുപാർശ ചെയ്തിട്ടും നഗരസഭാ സെക്രട്ടറിയാണ് അതിന് തടസം നിന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഓഡിറ്റോറിയം നിർമ്മിച്ചതിലെ അപാകതകൾ ചൂണ്ടിക്കാട്ടി പല തവണ നോട്ടീസ് അയച്ചു. അപാകതകൾ ഒറ്റ നോട്ടീസിൽ ഒതുക്കുന്നതിന് പകരം പല നോട്ടീസുകൾ നൽകിയത് ഓഡിറ്റോറിയത്തിന് അനുമതി വൈകിപ്പിക്കുന്നതിന് വേണ്ടിയാണെന്നും അന്വേഷണ സംഘം കണ്ടെത്തി. വിശദമായ പരിശോധനയ്ക്ക് ശേഷമായിരിക്കും റിപ്പോർട്ട് തയ്യാറാക്കുക.

ദിവസങ്ങൾക്ക് മുൻപാണ് കൊറ്റാളി സ്വദേശി സാജൻ പാറയിലിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 20 വർഷത്തോളം നൈജീരിയയിൽ ബിസിനസ് ചെയ്തിരുന്ന സാജൻ സമ്പാദ്യം മുഴുവൻ ചിലവഴിച്ചാണ് ഓഡിറ്റോറിയം നിർമ്മിച്ചത്. സാജന്റെ സ്വപ്‌ന പദ്ധതിയായിരുന്നു ആന്തൂരിൽ നിർമ്മിച്ച ‘പാർത്ഥ കൺവെൻഷൻ സെന്റർ’ എന്ന ഓഡിറ്റോറിയം. ഓഡിറ്റോറിയത്തിന് നഗരസഭ അധികൃതർ അനുമതി നിഷേധിച്ചതിൽ മനംനൊന്തായിരുന്നു സാജൻ ആത്മഹത്യ ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top