അഫ്രീദി പഴയ അഫ്രീദിയല്ല; ന്യൂസിലൻഡിനു ബാറ്റിംഗ് തകർച്ച

പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ന്യൂസിലൻഡിന് ബാറ്റിംഗ് തകർച്ച. 5 വിക്കറ്റുകളാണ് വിൻഡീസിനു നഷ്ടമായിരിക്കുന്നത്. ഏഴ് ഓവറിൽ 11 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഷഹീൻ അഫ്രീദിയാണ് ന്യൂസിലൻഡിനെ തകർത്തത്. 38 ഓവർ അവസാനിക്കുമ്പോൾ ന്യൂസിലൻഡ് 5 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് നേടിയിട്ടുണ്ട്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലൻഡിൻ്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ആമിർ എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യം പന്തിൽ ഗപ്റ്റിൽ (5) പ്ലെയ്ഡ് ഓണായി. തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ കോളിൻ മൺറോയുമായി ചേർന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ ശ്രമിച്ചെങ്കിലും ഷഹീൻ അഫ്രീദിക്ക് മറ്റു ചില പദ്ധതികളുണ്ടായിരുന്നു.
ഏഴാം ഓവറിലാണ് ഷഹീൻ ആദ്യ വിക്കറ്റിട്ടത്. 12 റൺസെടുത്ത മൺറോയെ ഷഹീൻ ഹാരിസ് സൊഹൈലിൻ്റെ കൈകളിലെത്തിച്ചു. തുടർന്ന് റോസ് ടെയ്ലർ ടീമിലെത്തി. ന്യൂസിലൻഡീൻ്റെ ഏറ്റവും സീനിയർ താരങ്ങളിൽ ഒരാളായ ടെയ്ലറും പേസ് ബൗളിംഗിൻ്റെ ഉജ്ജ്വല പ്രദർശനം കാഴ്ച വെച്ച അഫ്രീദിക്കു മുന്നിൽ മുട്ടുമടക്കി. സർഫറാസിനു ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോൾ 3 റൺസ് മാത്രമായിരുന്നു ടെയ്ലറുടെ സമ്പാദ്യം. തൊട്ടുപിന്നാലെ ടോം ലതമിനെയും (1) സർഫറാസിൻ്റെ കൈകളിലെത്തിച്ച ഷഹീൻ വിക്കറ്റ് വേട്ട മൂന്നാക്കി ഉയർത്തി.
ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും പിടിച്ചു നിന്ന വില്ല്യംസണിലായിരുന്നു ന്യൂസിലൻഡ് പ്രതീക്ഷകൾ. അഞ്ചാം വിക്കറ്റിൽ ജിമ്മി നീഷവുമായി ചേർന്ന് വില്ല്യംസൺ സാവധാനം ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ തുടങ്ങി. 46/4 എന്ന നിലയിൽ ഒത്തു ചേർന്ന ഇരുവരും അഞ്ചാം വിക്കറ്റിൽ 37 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 27ആം ഓവറിൽ ഒരു മികച്ച ലെഗ് ബ്രേക്കിലൂടെ ഷദബ് ഖാൻ വില്ല്യംസണെ മടക്കി അയച്ചതോടെ ന്യൂസിലൻഡ് അപകടം മണത്തു. 41 റൺസെടുത്ത വില്ല്യംസണെയും സർഫറാസ് പിടികൂടുകയായിരുന്നു.
തുടർന്ന് ക്രീസിൽ ഒത്തു ചേർന്ന നീഷം- ഡി ഗ്രാൻഡ്‌ഹോം കൂട്ടുകെട്ടാണ് ന്യൂസിലൻഡിനെ രക്ഷപ്പെടുത്തിയത്. 48 റൺസെടുത്ത ജിമ്മി നീഷവും 32 റൺസെടുത്ത കോളിൻ ഡി ഗ്രാൻഡ്‌ഹോമുമാണ് ക്രീസിൽ. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 61 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here