സാധാരണക്കാരെ ലക്ഷ്യമാക്കി ഹൂതികൾ നടത്തുന്ന ഭീകരാക്രമണം യുദ്ധ നിയമ ലംഘനമെന്ന് സൗദി

സാധാരണക്കാരെ ലക്ഷ്യമാക്കി ഹൂതികൾ നടത്തുന്ന ഭീകരാക്രമണം യുദ്ധ നിയമ ലംഘനമാണെന്ന് സൗദി മന്ത്രിസഭാ യോഗം കുറ്റപ്പെടുത്തി. ഇറാൻ പിന്തുണയോടെ ഹൂതികൾ 10 ദിവസത്തിനിടെ 18 തവണ ആക്രമണം നടത്തി. സൗദിയുടെ നേതൃത്വത്തിലുളള സഖ്യസേന അന്താരാഷ്ട്ര മര്യാദകൾ പാലിച്ചാണ് ഹൂതികളെ നേരിടുന്നതെന്നും മന്ത്രിസഭാ യോഗം വ്യക്തമാക്കി.
ബാലിസ്റ്റിക് മിസൈലും സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോണുകളും ഉപയോഗിച്ച് ഹൂതികൾ നടത്തുന്ന ആക്രമണം ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ്. അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തിൽ ഒരു സിറിയക്കാരൻ കൊല്ലപ്പെട്ടിരുന്നു. മലയാളികൾ ഉൾപ്പെടെ 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഹൂതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സഖ്യസേനയും വ്യക്തമാക്കി.
ഗൾഫ് മേഖലയിൽ ഇറാൻ അശാന്തി വിതക്കുകയാണ്. സമുദ്ര ഗതാഗതത്തിന് ഇറാൻ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അമേരിക്ക, യു.കെ, യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയെ മന്ത്രിസഭാ യോഗം സ്വാഗതം ചെയ്തു. മന്ത്രിസഭാ യോഗത്തിൽ ഭരണാധികാരി സൽമാൻ രാജാവ് അധ്യക്ഷത വഹിച്ചു. ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായുളള ഉഭയ കക്ഷി കരാറുകൾ ചർച്ച ചെയ്യുന്നതിന് സാംസ്‌കാരിക വകുപ്പ് മന്ത്രിയെ ചുമതലപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here