ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തി

ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്
ട്രംപും കൂടിക്കാഴ്ച നടത്തി. പൊതുതെരഞ്ഞെടുപ്പില്‍ വീണ്ടും വിജയിച്ച നരേന്ദ്രമോദിയെ ഡോണള്‍ഡ് ട്രംപ് അഭിനന്ദിച്ചു. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ, സൈനിക സഹകരണം, നയതന്ത്രബന്ധം, ഇറാനുമായി ബന്ധപ്പെട്ട വിഷയം തുടങ്ങിയ കാര്യങ്ങള്‍ കൂടിക്കാഴ്ചയ്ക്കിടെ ചര്‍ച്ചയായി.
പൊതുതെരഞ്ഞെടുപ്പിലെ വിജയം മോദി അര്‍ഹിക്കുന്നതാണെന്നും എല്ലാവരെയും ഒരുമിപ്പിക്കുന്നതില്‍ മോദി മഹത്തായ കാര്യമാണ് ചെയ്തതെന്നും കൂടിക്കാഴ്ചയില്‍ ട്രംപ് പറഞ്ഞു. നമ്മള്‍ തമ്മില്‍ സുഹൃത്തുക്കളാണെങ്കിലും നമ്മുടെ രാജ്യങ്ങള്‍ തമ്മില്‍ അത്രത്തോളം അടുത്തിട്ടില്ലെന്നും ട്രംപ് മോദിയോട് പറഞ്ഞു. സൈനിക മേഖലയില്‍ ഉള്‍പ്പെടെ ഇരുരാജ്യങ്ങളും സഹകരിക്കുമെന്നും വ്യാപാരസംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 28 ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ വര്‍ധിപ്പിച്ചതിനെതിരെ ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇന്ത്യ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച നിലപാട് അംഗീകരിക്കാനാകില്ലെന്നും പിന്‍വലിക്കണമെന്നുമായിരുന്നു ട്രംപിന്റെ ആവശ്യം. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചയാകാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചയില്‍ സമ്മതിച്ചു. ഇറാന്‍ വിഷയത്തില്‍ ഇന്ത്യയ്ക്കുമേല്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്, മോദിയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here