അബ്ദുൽ റസാഖ് എന്ന നൂറു ശതമാനം ഓൾറൗണ്ടർ

ഹർദ്ദിക്ക് പാണ്ഡ്യയെ പരിശീലിപ്പിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച മുൻ പാക്കിസ്ഥാൻ ഓൾറൗണ്ടർ അബ്ദുൽ റസാഖ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ട്രോൾ ചെയ്യപ്പെടുകയാണ്. പലരും അബ്ദുൽ റസാഖ് ആരെന്നറിയാതെയാണ് ട്രോളുന്നത്. ഒരുകാലത്ത് പാക്കിസ്ഥാൻ ലോവർ ഓർഡറിനെ തീ പിടിപ്പിച്ചിരുന്ന, പന്തെടുത്ത് കൗശലം കൊണ്ട് വിക്കറ്റിടുന്ന വളരെ മികച്ച ഒരു ഓൾറൗണ്ടറായിരുന്നു റസാഖ്.
ഹർദ്ദിക്കിനെ എനിക്കു തന്നാൽ അദ്ദേഹത്തെ ഞാൻ മികച്ച ഒരു ഓൾറൗണ്ടറാക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നു വെച്ചാൽ, ഹർദ്ദിക് ഇപ്പോൾ മോശം ഓൾറൗണ്ടറാണെന്നല്ല. ഇനിയും മെച്ചപ്പെടുത്താൻ ചിലതൊക്കെ ഹർദ്ദിക്കിലുണ്ട് എന്ന് തൻ്റെ 17 വർഷം നീണ്ട ക്രിക്കറ്റ് എക്സ്പീരിയൻസ് വെച്ച് അദ്ദേഹം കണ്ടെത്തി. അത് മെച്ചപ്പെടുത്തി ഹർദ്ദിക്കിനെ ഒന്നാം തരം ഓൾറൗണ്ടർ ആക്കാൻ താൻ സഹായിക്കാമെന്നും അദ്ദേഹം പറഞ്ഞു. അതൊരു തെറ്റല്ല. വിശേഷിച്ചും മേല്പറഞ്ഞ 17 വർഷക്കാലം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിറഞ്ഞു നിൽക്കുകയും ഏകദിനത്തിൽ 5000നു മുകളിൽ റൺസും 250നു മുകളിൽ വിക്കറ്റുമുള്ള ഒരു താരമെന്ന നിലയിൽ അത് പറയാനുള്ള മത്സര പരിചയം അദ്ദേഹത്തിനുണ്ട്.
90 കാലഘട്ടത്തിൽ ക്രിക്കറ്റ് കാണാൻ തുടങ്ങിയവർക്ക് അബ്ദുൽ റസാഖിനെ പരിചയമുണ്ടാവും. കൃത്യമായി പറഞ്ഞാൽ 90കളുടെ അവസാനത്തിലും 2000ൻ്റെ തുടക്കത്തിലും അബ്ദുൽ റസാഖ് എന്ന കളിക്കാരൻ പാക്കിസ്ഥാൻ ടീമിൽ കാഴ്ച വെച്ചിട്ടുള്ള ‘മാസൊ’ക്കെ കണ്ടവർക്കറിയാം. 1999 ലോകകപ്പിലെ റസാഖിൻ്റെ പ്രകടനങ്ങൾ പാക്കിസ്ഥാൻ്റെ ഫൈനൽ വരെയെത്തിയ പാക്കിസ്ഥാൻ ടീമിന് വലിയ ഊർജ്ജമായിരുന്നു. ആ വർഷം നടന്ന കാൾട്ടൺ ആൻഡ് യുണൈറ്റഡ് സീരിസിൽ ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാൾ ആയിരുന്ന ഗ്ലെൻ മഗ്രാത്തിന്റെ ഒരോവറിൽ 5 ബൗണ്ടറികളടിച്ച റസാഖിൻ്റെ പ്രകടനം യൂട്യൂബിലുണ്ട്. ആ സീരീസിൽ ഇന്ത്യക്കെതിരെ അർദ്ധസെഞ്ചുറിയും അഞ്ച് വിക്കറ്റും.
രണ്ടായിരത്തിൽ ശ്രീലങ്കക്കെതിരെ നടന്ന ടെസ്റ്റ് മാച്ചിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക്ക് നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന ബഹുമതി. 2003ൽ ന്യൂസീലന്ഡിനെതിരെ 39 ബോളുകളിൽ 80 റൺസ്. ലോകത്തിലെ ഏറ്റവും നല്ല ഹിറ്റർ എന്നാണ് അന്നത്തെ ന്യൂസിലൻഡ് നായകൻ സ്റ്റീഫൻ ഫ്ലെമിംഗ് റസാഖിനെ വിശേഷിപ്പിച്ചത്.
കരിയറിലുടനീളം വേട്ടയാടിയ പരിക്കുകൾ ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ, കണക്കുകൾ കുറച്ചു കൂടി സമ്പന്നമായേനെ. എങ്കിലും ഒരു ഓൾറൗണ്ടർ എന്ന നിലയിൽ അബ്ദുൽ റസാഖ് വളരെ മികച്ച ഒരു താരമായിരുന്നു.