23 വർഷമായി ആർഎസ്എസുമായി അടുപ്പമുണ്ടെന്ന് ജേക്കബ് തോമസ്; ആർഎസ്എസിനെപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ മാറ്റിയെടുക്കാൻ പ്രവർത്തിക്കും

jacob thomas

തനിക്ക് കഴിഞ്ഞ 23 വർഷമായി ആർഎസ്എസുമായി അടുപ്പമുണ്ടെന്നും കേരളത്തിൽ ആർഎസ്എസിനെപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ മാറ്റിയെടുക്കാൻ പ്രവർത്തിക്കുമെന്നും ഡിജിപി ജേക്കബ് തോമസ്. ട്വന്റി ഫോറിന്റെ ‘വാർത്താ വ്യക്തി’ യിലാണ് ജേക്കബ് തോമസ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ലോകത്തെ ഏറ്റവും വലിയ എൻജിഒ ആണ് ആർഎസ്എസ്. 1996 മുതൽ താൻ ആർഎസ്എസുമായി സഹകരിച്ചു പോരുകയാണ്.

ആർഎസ്എസ് ഒരു രാഷ്ട്രീയ സംഘടനയല്ല. ഒരു സന്നദ്ധ സംഘടനയാണ്. കേരളത്തിൽ ആർഎസ്എസ് എന്നു പറഞ്ഞാൽ ചിലർക്ക് അത് തൊട്ടു കൂടാത്തതാണ്. ഈ തൊട്ടുകൂടായ്മ മാറ്റേണ്ടേയെന്നും ജേക്കബ് തോമസ് ട്വന്റി ഫോർ വാർത്താ വ്യക്തിയിൽ ചോദിക്കുന്നു. സ്ഥാനമാനങ്ങൾ വേണമെന്ന് താൻ ആഗ്രഹിക്കുന്നില്ല. സ്ഥാനമാനങ്ങൾ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിൽ പിണറായി വിജയനോട് അടുത്തു നിൽക്കാമായിരുന്നു. പിണറായി വിജയനുമായി അടുത്ത് നിന്നാൽ സ്ഥാനമാനങ്ങൾ കിട്ടുമെന്നതിന്റെ നിരവധി ഉദാഹരണങ്ങൾ ഇവിടെയുണ്ട്. താനും പിണറായിയും തമ്മിൽ തെറ്റിയിട്ടില്ലെന്നും ഇപ്പോഴും നല്ല ബന്ധമാണെന്നും ജേക്കബ് തോമസ് വാർത്താ വ്യക്തിയിൽ വ്യക്തമാക്കുന്നു. ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ആർഎസ്എസുമായുള്ള ബന്ധം ജേക്കബ് തോമസ് തുറന്നു പറഞ്ഞിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top