ഉത്തര്‍പ്രദേശില്‍ മലയാളി മരിച്ച സംഭവം; മരിച്ചതിനു ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് അധികൃതര്‍

ഉത്തര്‍പ്രദേശിലെ യാത്രക്കിടെ മരിച്ച ചെങ്ങന്നൂര്‍ സ്വദേശി വിക്രമനെ ആശ്രമത്തില്‍ നിന്ന് മരിച്ച നിലയിലാണ് വ്യന്ദാവന്‍ ആശുപത്രിയില്‍ എത്തിച്ചതെന്ന് ആശുപത്രി അധികൃതര്‍. ഉത്തര്‍പ്രദേശിലെ ആശ്രമത്തില്‍ മലയാളി മരിച്ച സംഭവത്തില്‍ ട്വന്റിഫോര്‍ നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം വ്യക്തമായത്. പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ നിര്‍ദേശിച്ചിട്ടും ആശ്രമം അധികൃതര്‍ തയ്യാറായില്ലെന്നും ട്വന്റിഫോര്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ വ്യക്തമായി.
ആശ്രമങ്ങളാല്‍ ചുറ്റപ്പെട്ട പൗരാണിക നഗരമാണ് വ്യന്ദാവനം. ഇവിടുത്തെ ദേവ്റ ആശ്രമത്തിലാണ് വിക്രമന്‍ മരിച്ചത്. ഞങ്ങള്‍ നേരെ പോയത് വിക്രമന്റെ മരണ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയ വൃന്ദാവനം ജില്ലാ കംബൈന്‍ഡ് ആശുപത്രിയിലേക്കാണ്.
സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയ ഡോക്ടര്‍ അവധിയില്‍ പ്രവേശിച്ച സാഹചര്യത്തില്‍ ആശുപത്രി ജീവനക്കാരന്‍ ചില വിവരങ്ങള്‍ ട്വന്റി ഫോറിനോട് പറഞ്ഞു. ആശ്രമത്തില്‍ നിന്ന് കൊണ്ടുവന്ന മൃതദേഹം ആയതുകൊണ്ട് എല്ലാം പെട്ടെന്ന് അയാള്‍ ഓര്‍ത്തെടുത്തു.
ഒരു ദിവസം രാത്രി മുഴുവന്‍ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. പക്ഷെ പോസ്റ്റ്‌മോര്‍ട്ടത്തിന് തയാറായില്ല. ആശ്രമം അധികാരികള്‍ക്ക് ഉത്തര്‍പ്രദേശ് പൊലീസിന്റെ സഹായം ആവോളം ലഭിച്ചെന്നും ആശുപത്രി ജീവനക്കാര്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here