രാഹുലിനെതിരെ കടുത്ത നടപടിയെന്ന് മുഖ്യമന്ത്രി സൂചന നല്‍കി; പിന്നാലെ കേസെടുത്തു; ക്രൈം ബ്രാഞ്ചിന്റെ തുടര്‍ നീക്കങ്ങളെന്താകും?

രാഹുല്‍ മാങ്കൂട്ടത്തിന്റെ എം എല്‍ എ സ്ഥാനം ഏതുവിധേനയും രാജിവെപ്പിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ലൈംഗിക പരാതികള്‍ ഉന്നയിച്ചവരില്‍ നിന്ന് പരാതി എഴുതി വാങ്ങിക്കാനുള്ള സാധ്യത ആരായുകയാണ് ആഭ്യന്തരവകുപ്പ്. രാഹുലിനെതിരെ കേസെടുക്കുമെന്നുള്ള സൂചനകള്‍ മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ക്രൈം ബ്രാഞ്ച് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. (crime branch case against rahul mamkoottathil explained)
പരാതിയുമായി വരുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്. എല്ലാ തരത്തിലുമുള്ള പരിരക്ഷയും സര്‍ക്കാര്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഏതുവിധേനയും കേസെടുക്കുകയെന്ന ലക്ഷ്യം സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നുവെന്നതിന്റെ സൂചനയായിരുന്നു. പരാതിയില്ലാത്ത ഒരു കേസില്‍ എങ്ങനെ എം എല്‍ എ സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെടുമെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ചോദ്യം. പരാതി ലഭിക്കുകയും പൊലീസ് രാഹുലിനെതിരെ കേസ് രജിസറ്റര്‍ ചെയ്യുകയും ഉണ്ടായാല്‍ രാജിയുണ്ടാവും എന്നാണ് നേതൃത്വത്തിന്റെ നിലപാട്. ഗര്‍ഭഛിദ്രം നടത്താനായി നിര്‍ബന്ധിച്ചതും, കൊലചെയ്യുമെന്ന സൂചന നല്‍കിയതും കേസെടുക്കാന്‍ തക്കതായ തെളിവുകളാണ് എന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്.
Read Also: ലൈംഗികാരോപണ വിവാദം: ഡിജിപിക്ക് ലഭിച്ച പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു
ഒരാഴ്ചയായി രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ലൈംഗിക പീഡന പരാതി ഉയര്‍ന്നിട്ട് യുവ നടി റിനിയുടെ വെളിപ്പെടുത്തലോടെയാണ് രാഹുല്‍ പ്രതിരോധത്തിലാവുന്നത്. അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നായിരുന്നു റിനിയുടെ വെളിപ്പെടുത്തല്‍. ഒരു യുവനേതാവ് എന്നു മാത്രമായിരുന്നു ആരോപണത്തില്‍ വിശേഷിപ്പിച്ചിരുന്നതെങ്കിലും ആരോപണം ചെന്നു കൊണ്ടത് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയ്ക്കു മുകളിലായിരുന്നു. ഒരു മാസം മുന്‍പ് ഒരു മാധ്യമ പ്രവര്‍ത്തകയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയതായി രാഹുലിനിതെരെ ഇടത് കേന്ദ്രങ്ങള്‍ ആരോപണം ഉന്നിയിച്ചിരുന്നു. ഈ ആരോപണം പിന്നീട് കെട്ടടങ്ങിയതോടെ രാഹുല്‍ തെളിവുകള്‍ പുറത്തുവിടാന്‍ ഇടത് യുവനേതാക്കളെ വെല്ലുവിളിച്ച് രംഗത്തെത്തിയിരുന്നു.
നടിയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ യുവതിയെ ഗര്‍ഭഛിദ്രം നടത്താനായി നിര്‍ബന്ധിക്കുന്ന ഓഡിയോ ക്ലിപ്പ് മാധ്യമങ്ങള്‍ പുറത്തുവിട്ടു. പിന്നീട് നിരവധി പരാതികള്‍ രാഹുലിനെതിരെ ഉയര്‍ന്നു. ഇതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായി. രാഹുലിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം നിലപാട് കടുപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയും, എം എല്‍ എ സ്ഥാനവും രാജിവെക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യമുന്നയിച്ചു. ഇതോടെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിത്വം രാജിവച്ചു. വനിതാ നേതാക്കള്‍ രാഹുല്‍ എം എല്‍ എസ്ഥാനം രാജിവെക്കണമെന്ന നിലപാട് സ്വീകരിച്ചു. ചില മുതിര്‍ന്ന നേതാക്കളും രാജിയെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.
തനിക്കെതിരെ ഉന്നത ഗൂഢാലോചന നടന്നുവെന്നാണ് രാഹുല്‍ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ചിലര്‍ തന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ നടത്തിയ നീക്കമാണ് ആരോപണങ്ങളുടെ പിന്നിലെന്നാണ് രാഹുല്‍ പറയുന്നത്. എന്നാല്‍ പുറത്തുവന്ന ശബ്ദരേഖയെപ്പറ്റി രാഹുല്‍ വ്യക്തമായൊരു പ്രതികരണം നടത്തിയിട്ടില്ല. ഗര്‍ഭഛിദ്രം സംഭന്ധിച്ചുള്ള ശബ്ദരേഖയില്‍ ആളെ കണ്ടെത്താനുള്ള ശ്രമമാണ് ആഭ്യന്തര വകുപ്പ് ആരംഭിച്ചിരിക്കുന്നത്. നേരിട്ടല്ലെങ്കിലും ഒരു ഇ- മെയില്‍ പരാതിയെങ്കിലും ലഭിച്ചാല്‍ കേസ് ശക്തമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാരിനെതിരെ ശക്തമായ ബോംബ് പൊട്ടിക്കുമെന്ന സതീശന്റെ പ്രസ്താവനയോടെ നിലപാട് കടുപ്പിക്കുകയാണ് മുഖ്യമന്ത്രി. ഇരുവരും ആരോപണങ്ങളുമായി രംഗത്തുവന്നതോടെ രാഷ്ട്രീയ പോരാട്ടം ശക്തമാവാനാണ് സാധ്യത.
Story Highlights : crime branch case against rahul mamkoottathil explained
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here