കസ്റ്റഡി മരണം; പീരുമേട് ജയിലിലെ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ജയിൽ ഡിജിപിയുടെ നിർദേശം
സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻഡിലായിരുന്ന രാജ്കുമാർ മരിച്ച സംഭവത്തിൽ പീരുമേട് ജയിലിലെ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം. ജയിൽ ഡിജിപി ഋഷിരാജ് സിങാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജയിൽ ഡിഐജി സാം തങ്കയ്യനാണ് അന്വേഷണ ചുമതല. നാല് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഋഷിരാജ് സിങ് നിർദേശം നൽകിയിട്ടുണ്ട്. രാജ്കുമാറിന് പൊലീസ് കസ്റ്റഡിയിൽ കടുത്ത മർദ്ദനമേറ്റതിന്റെ സൂചനകൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. ഈ സാചഹര്യത്തിലാണ് ജയിലിലുണ്ടായ സംഭവങ്ങൾ കൂടി അന്വേഷിക്കാൻ ജയിൽ ഡിജിപി ഉത്തരവിട്ടിരിക്കുന്നത്.
രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായി നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. അവശനിലയിലായ രാജ്കുമാറിനെ ജയിൽ അധികൃതർ ആശുപത്രിയിലെത്തിച്ചില്ലെന്നും കുടിക്കാൻ വെള്ളം പോലും നൽകിയില്ലെന്നും നേരത്തെ ആരോപണങ്ങൾ ഉയരുകയും ചെയ്തിരുന്നു.
രാജ്കുമാറിനെ കോട്ടയത്ത് ചികിത്സയ്‌ക്കെത്തിച്ചിരുന്നുവെന്ന ജയിൽ അധികൃതരുടെ വാദം തള്ളി കോട്ടയം മെഡിക്കൽ കോളേജ് അധികൃതർ നേരത്തെ രംഗത്തെത്തിയിരുന്നു. കസ്റ്റഡിയിലുള്ള പ്രതികളെ ആശുപത്രിയിൽ എത്തിച്ചാൽ പൊലീസ് പ്രത്യേക വിവരം നൽകാറുണ്ടെന്നും രാജ്കുമാറിന് ചികിത്സ നൽകിയതായി ആശുപത്രി രേഖകളിലില്ലെന്നും ആർഎംഒ പറഞ്ഞിരുന്നു. പീരുമേട് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ റഫർ ചെയ്തതിനെ തുടർന്ന് ജൂൺ 19 ന് രാജ്കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ ലഭിച്ചില്ലെന്നായിരുന്നു ജയിൽ സൂപ്രണ്ടിന്റെ വിശദീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here