നെടുങ്കണ്ടം കസ്റ്റഡിമരണം; ഇടുക്കി എസ്.പിയെ പിന്തുണച്ച് മന്ത്രി എം.എം മണി

നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ ഇടുക്കി എസ്.പി യെ പിന്തുണച്ച് മന്ത്രി എം എം മണി. പ്രതിപക്ഷം ജില്ലാ പൊലീസ് മേധാവിയെ ടാർജറ്റ് ചെയ്യുകയാണ്. പ്രശ്‌നങ്ങൾ ഉണ്ടാക്കിയത് കീഴുദ്യോഗസ്ഥരാണെന്നും മന്ത്രി പ്രതികരിച്ചു. നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ ഇടുക്കി എസ്പിയെ പഴിക്കുന്നത് കീഴുദ്യോഗസ്ഥരെ രക്ഷിക്കുന്നതിന് വേണ്ടിയാണ്. പ്രതിപക്ഷത്തിന് ഇഷ്ടമില്ലാത്തവരെയെല്ലാം പ്രതിയാക്കാനാവില്ല. കുഴപ്പങ്ങൾ നടത്തിയിരിക്കുന്നത് കീഴുദ്യോഗസ്ഥരാണെന്നും എം എം മണി പറഞ്ഞു.
എന്നാൽ പ്രസ്താവന വിവാദമായതോടെ മന്ത്രി നിലപാട് മാറ്റി. എസ്പിയെ സംരക്ഷിക്കുന്ന നടപടി സ്വീകരിച്ചിട്ടില്ലെന്നും തനിക്ക് ആരെയും സംരക്ഷിക്കേണ്ട കാര്യമില്ലെന്നും എം എം മണി മാധ്യമങ്ങളോട് പറഞ്ഞു. ഇടുക്കി എസ്പിക്കെതിരെ നടപടി വേണ്ടെന്ന നിലപാടിൽ നിന്ന് സിപിഐഎം ഇടുക്കി ജില്ലാ നേതൃത്വം നേരത്തെ മലക്കം മറിഞ്ഞിരുന്നു. സംഭവത്തിൽ എസ്പിക്കെതിരെയും അന്വേഷണം വേണമെന്നാണ് ഇന്ന് സിപിഐഎം ഇടുക്കി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടത്.
Read Also; നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ആരോപണ വിധേയനായ ഇടുക്കി എസ് പി യെ മാറ്റിയേക്കും
ഇടുക്കി എസ്പിയെ ഒഴിവാക്കി മറ്റുള്ള എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്ന് നേരത്തെ സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ വാർത്താക്കുറിപ്പിറങ്ങിയിരുന്നു. എസ്പി അറിയാതെ ഉദ്യോഗസ്ഥരുണ്ടാക്കിയ കുഴപ്പങ്ങളാണെന്നുമായിരുന്നു സിപിഐഎം ഇടുക്കി ജില്ലാ നേതൃത്വത്തിന്റെ നിലപാട്. എന്നാൽ ഈ വാർത്താക്കുറിപ്പ് പഴയതാണെന്ന നിലപാടിലാണ് ഇപ്പോൾ സിപിഐഎം ഇടുക്കി ജില്ലാ നേതൃത്വം. എസ്പിക്കെതിരെയും അന്വേഷണം വേണമെന്നാണ് തന്റെയും പാർട്ടിയുടെയും ആവശ്യമെന്നും കുറ്റക്കാർ എത്ര ഉന്നതരായാലും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here