ആലപ്പുഴയിലെ പരാജയം; കെപിസിസി ഇന്ന് നടപടി പ്രഖ്യാപിക്കും

ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് കെ വി തോമസ് അധ്യക്ഷനായ അന്വേഷണ സമിതി സമർപ്പിച്ച റിപ്പോർട്ടിന്മേൽ കെപിസിസി ഇന്ന് നടപടി പ്രഖ്യാപിക്കും. വൈകീട്ട് മൂന്നിന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് നടപടി വിശദീകരിക്കുക. കായംകുളം, ചേർത്തല നിയോജക മണ്ഡലങ്ങളിലെ 4 ബ്ലോക്ക് കമ്മിറ്റികൾ പിരിച്ചുവിടണമെന്നതാണ് സമിതിയുടെ പ്രധാന ശുപാർശ. സംഘടനാ പരമായ വീഴ്ചകളാണ് ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാന്റെ പരാജയത്തിന് പ്രധാന കാരണമായതെന്ന് അന്വേഷണ സമിതി കണ്ടെത്തിയിരുന്നു.
ഈ പശ്ചാത്തലത്തിൽ, ചേർത്തല, വയലാർ, കായംകുളം നോർത്ത്, കായംകുളം സൗത്ത് ബ്ലോക്ക് കമ്മിറ്റികൾ പിരിച്ചുവിടണമെന്നാണ് സമിതി നിർദേശിച്ചിരിക്കുന്നത്. ജംബോ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കണമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. ഒരു നേതാവിനെയും റിപ്പോർട്ടിൽ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തുന്നില്ലെങ്കിലും, ആലപ്പുഴയിൽ നേതാക്കൾ തമ്മിൽ അഭിപ്രായ ഐക്യവും ഏകോപനവും ഇല്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Read Also; ആലപ്പുഴയിലെ തോൽവി; സംഘടനാപരമായ വീഴ്ചയുണ്ടായെന്ന് കോൺഗ്രസ് സമിതിയുടെ റിപ്പോർട്ട്
കമ്മിറ്റി ശുപാർശ ചെയ്തിട്ടുള്ള നടപടികൾ മാത്രമായിരിക്കുമോ കെപിസിസി കൈക്കൊള്ളുക അതോ കടുത്ത നടപടികളിലേക്ക് നീങ്ങുമോ എന്നത് നിർണായകമാണ്.അരൂരിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ പാളിച്ചകൾ ആവർത്തിക്കാതിരിക്കാൻ ലക്ഷ്യം വെച്ചുകൊണ്ടുള്ള നടപടികളാകും കെപിസിസി കൈക്കൊള്ളുക. സംഘടനാ പ്രവർത്തനത്തെക്കാൾ ഗ്രൂപ്പ് പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്ന നേതാക്കൾക്കും പ്രവർത്തകർക്കുമുള്ള മുന്നറിയിപ്പ് കൂടിയായിരിക്കും കെപിസിസിയുടെ നടപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here