കേന്ദ്ര സര്‍ക്കാരിന്റെ ‘ജല ശക്തി അഭിയാന്‍’ പദ്ധതിയ്ക്ക് കാസര്‍ഗോഡ് ജില്ലയില്‍ തുടക്കമായി

ഗ്രാമീണ മേഖലകളിലെ ജല സംരക്ഷണവും മഴവെള്ള സംരക്ഷണവും ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാരിന്റെ ‘ജല ശക്തി അഭിയാന്‍’ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കാസര്‍ഗോഡ് ജില്ലയില്‍ തുടക്കമായി. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ജില്ലകളിലായി നടപ്പാക്കുന്ന പദ്ധതിയില്‍ സംസ്ഥാനത്തു നിന്നും പാലക്കാടും കാസര്‍ഗോഡുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ജലചൂഷണം ഏറെ നടക്കുന്ന കാസര്‍ഗോഡ്, മഞ്ചേശ്വരം, കാറഡുക്ക താലൂക്കുകളിലാണ് പദ്ധതി പ്രകാരം പ്രവര്‍ത്തനങ്ങള്‍ ആദ്യ ഘട്ടത്തില്‍ നടപ്പാക്കുക.

അതേ സമയം ജില്ലയിലെ ഭൂഗര്‍ഭ ജലവിതാനം അപകടകരമാം വിധം താഴ്‌ന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുഴല്‍ക്കിണറുകളും വെള്ളമില്ലാത്ത കുഴല്‍ കിണറുകളും ഉള്ള ജില്ലയായ കാസര്‍ഗോഡ് ജില്ല സമീപ ഭാവിയില്‍ നേരിടാന്‍ പോകുന്നത് കൊടും വരള്‍ച്ചയെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അശാസ്ത്രീയവും മുന്‍ കരുതലുകളുമില്ലാത്ത ജലവിനിയോഗം മൂലം ജില്ലയുടെ ഭൂഗര്‍ഭജലത്തിന്റെ അളവില്‍ വലിയ കുറവാണ് സൃഷ്ടിച്ചത്.

സംസ്ഥാനത്ത് കാസര്‍ഗോഡിനു പുറമെ പാലക്കാടാണ് രൂക്ഷമായ ജലക്ഷാമം നേരിടുന്നത്. ഇതേക്കുറിച്ച് കൂടുതല്‍ പഠനം നടത്താന്‍ കേന്ദ്ര സംഘം ഈ മാസം ജില്ലയിലെത്തും. ഇതിനു പുറമെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ‘ജല ശക്തി അഭയാന്‍’ പ്രകാരം ജില്ലയിലെ ജലവിതാനം ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പദ്ധതി രൂപീകരിക്കുന്നുണ്ട്.

കേന്ദ്ര ജല ശക്തി മന്ത്രാലയത്തിന്റെ ഗ്രൗണ്ട് വാട്ടര്‍ എസ്റ്റിമേഷന്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം കാസര്‍ഗോഡ് ബ്ലോക്കില്‍ 97.68% ഭൂഗര്‍ഭ ജലവും തീര്‍ന്നു. മഞ്ചേശ്വരം കാറഡുക്ക കാഞ്ഞങ്ങാട് എന്നീ ബ്ലോക്കുകളില്‍ സെമി ക്രിറ്റിക്കല്‍ സാഹചര്യമാണുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top