1.5 കിമി സഞ്ചരിക്കാൻ 25 രൂപ; ഓട്ടോറിക്ഷാ ചാർജ് പട്ടിക പുറത്തുവിട്ട് കേരളാ പൊലീസ്

ഓട്ടോറിക്ഷ യാത്രയുടെ മിനിമം നിരക്ക് 25 രൂപയാക്കിയത് നമുക്കറിയാം. എന്നാൽ കിലോമീറ്റർ അനുസരിച്ച് നിരക്കിൽ വരുന്ന മാറ്റം നമ്മിൽ പലർക്കും അറിയില്ല. ഓട്ടോറിക്ഷാ നിരക്കിനെ കുറിച്ച് നിരവധി പേർ സംശയം ചോദിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഓട്ടോറിക്ഷാ നിരക്ക് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുകയാണ് പൊലീസ്.
സംസ്ഥാന ഗതാഗത കമ്മീഷണറുടെ 45/2018/ഗതാ തിയതി 11/12/2018 നിർദ്ദേശ പ്രകാരം കേരള സർക്കാർ മോട്ടോർവാഹന വകുപ്പ് ഇറക്കിയ ഓട്ടോ ചാർജ്ജ് പട്ടികയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
മിനിമം ചാർജ്ജിൽ സഞ്ചരിക്കാവുന്ന 1.5 കി. മീറ്ററിന് ശേഷമുള്ള 0.5 കിലോമീറ്റർ ഇടവിട്ടുള്ള നിരക്കുകൾ പട്ടികയിൽ നൽകിയിട്ടുണ്ട്. യാത്ര ചെയ്യാവുന്ന കൃത്യമായ ദൂരം പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ യാത്ര ചെയ്യുന്ന ഓരോ 100 മീറ്ററിനും 1.2 രൂപ വച്ച് നൽകേണ്ടതാണ്.
രാത്രി 10 മണിക്ക് ശേഷം രാവിലെ 5 മണിവരെ നടത്തുന്ന യാത്രകൾക്ക് മേൽ സൂചിപ്പിച്ച ചാർജ്ജിന്റെ 50% കൂടി അധികമായി നൽകേണ്ടതാണ്.
Read Also : ഓട്ടോറിക്ഷകളും ഇനി വിരൽ തുമ്പിൽ
തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട് എന്നീ കോർപ്പറേഷനുകളും കണ്ണൂർ, പാലക്കാട്, കോട്ടയം എന്നീ പ്രധാന ടൗണുകളും ഒഴികെയുള്ള സ്ഥലങ്ങളിൽ പകൽ 5 മണി മുതൽ രാത്രി 10 മണി വരെ നടത്തുന്ന ഒരു വശത്തേക്ക് മാത്രമുള്ള യാത്രകൾക്ക് മിനിമം ചാർജ്ജിന് പുറമേയുള്ള തുകയുടെ 50% അധികമായി നൽകേണ്ടതാണ്. ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് മീറ്റർ ചാർജ്ജ് മാത്രം നൽകിയാൽ മതിയാകും.
വെയ്റ്റിംഗ് ചാർജ്ജ് ഓരോ 15 മിനിറ്റിനോ അതിന്റെ ഭാഗങ്ങൾക്കോ 10 രൂപ നിരക്കിലും ഒരു ദിവസത്തേക്ക് പരമാവധി 250 രൂപയും ആകുന്നു.
യാത്ര സംബന്ധമായ പരാതികൾ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, മോട്ടോർ വാഹന വകുപ്പ് ഓഫീസിലോ, 112, 1090, 1099 എന്നീ നമ്പറുകളിലോ അറിയിക്കുക. വകുപ്പ് ഓഫീസുകളുടെ വിലാസവും നമ്പറും www.mvd.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here