മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് കെ സുരേന്ദ്രന്‍

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് കെ.സുരേന്ദ്രന്‍. ഹര്‍ജിക്കാരനായ സുരേന്ദ്രനില്‍ നിന്ന് കോടതിച്ചെലവ് ഈടാക്കി നല്‍കണമെന്ന് അബ്ദുള്‍ റസാഖിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതോടെയാണിത്. കേസ് കോടതി ഈ മാസം 18ന് വീണ്ടും പരിഗണിക്കും.

മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസിലെ നടപടികള്‍ ഹൈക്കോടതി ഇന്ന് അവസാനിപ്പിക്കാനിരിക്കെയാണ് അബ്ദുള്‍ റസാഖിന്റെ അഭിഭാഷകന്‍ സുരേന്ദ്രനില്‍ നിന്നും കോടതിച്ചെലവ് കിട്ടണം എന്ന ആവശ്യം മുന്നോട്ടുവച്ചത്. എന്നാല്‍ കോടതിച്ചെലവ് ആവശ്യപ്പെടുകയാണെങ്കില്‍ താന്‍ ഹര്‍ജി പിന്‍വലിക്കില്ലെന്ന് സുരേന്ദ്രന്‍ അറിയിച്ചു. കേസ് പിന്‍വലിക്കാന്‍ കെ സുരേന്ദ്രന് ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. ഹര്‍ജി പിന്‍വലിക്കുന്നതില്‍ ആക്ഷേപമുണ്ടെങ്കില്‍ അറിയിക്കാന്‍ കോടതി അനുവദിച്ച 10 ദിവസത്തെ സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍. ഇതോടെ കേസിലെ വാദം കേള്‍ക്കല്‍ കോടതി കേസ് ഈ മാസം 18ലേക്ക് മാറ്റി.

2016 ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ പി ബി അബ്ദുല്‍ റസാഖിനോട് 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ട സുരേന്ദ്രന്‍ അബ്ദുള്‍ റസാഖിന്റെ വിജയം കള്ളവോട്ടിലൂടെയെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ കേസിലെ സാക്ഷികള്‍ക്ക് സമന്‍സ് എത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മുഴുവന്‍ പേരെയും വിസ്തരിക്കുക പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി കേസില്‍ നിന്നും പിന്മാറാന്‍ സുരേന്ദ്രന്‍ സന്നദ്ധത പ്രകടിപ്പിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top