Advertisement

സർക്കാർ ഉത്തരവ് നഗരസഭാ ചെയർപേർസണെ രക്ഷിക്കാനുള്ള കുരുട്ട് വിദ്യ: രമേശ് ചെന്നിത്തല

July 6, 2019
0 minutes Read
need law in sabarimala issue says ramesh chennithala

അന്തൂറിൽ അത്മഹത്യ ചെയ്ത പ്രവാസി സംരംഭകൻ സാജന്റെ കൺവെൻഷൻ സെന്ററിന് അനുമതി നൽകാൻ നിർദ്ദേശിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് നഗരസഭാ ചെയർ പേർസൺ പി.കെ.ശ്യാമളയെ രക്ഷിച്ചെടുക്കുന്നതിനുള്ള കുരുട്ടു വിദ്യ മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ചട്ടലംഘനങ്ങൾ അടിയന്തിരമായി പരിഹരിച്ചാൽ ഒക്യുപെൻസി സർട്ടിഫിക്കറ്റ് അനുവദിക്കാൻ മാത്രമാണ് സർക്കാർ ആന്തൂർ നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്. ഇത് വിചിത്രമായ ഉത്തരവാണ്. ചട്ടലംഘനം പരിഹരിച്ചാൽ അനുമതി നൽകുന്നതിന് സർക്കാർ പ്രത്യേകിച്ച് ഉത്തരവിടേണ്ട കാര്യമുണ്ടോ?

സാജന്റെ കൺവൻഷൻ സെന്ററിന് അനുമതി നിഷേധിക്കാൻ നഗരസഭ മനപൂർവ്വം കുത്തിപ്പൊക്കിയ തടസ്സവാദങ്ങൾക്കെല്ലാം സർക്കാർ അംഗീകാരം നൽകുകയും അവ പരിഹരിക്കാൻ കൺവെൻഷൻ സെന്റർ ഉടമയോട് ആവശ്യപ്പെടുകയുമാണ് യഥാർത്ഥത്തിൽ ഈ ഉത്തരവിലൂടെ ചെയ്തിരിക്കുന്നത്. കൺവെൻഷൻ സെന്ററിൽ വികലാംഗങ്ങർക്ക് വീൽചെയർ കയറ്റാനുള്ള റാമ്പിന് ചരിവ് കുറഞ്ഞു, ബാൽക്കണിയുടെ വീതി കൂടിപ്പോയി, ജലസംഭരണി പണിതതു തുറസായ സ്ഥലത്ത് തുടങ്ങിയ നിസ്സാര കാരണങ്ങൾ പറഞ്ഞാണ് ഈ വലിയ സംരംഭത്തിന് നഗരസഭ അനുമതി നിഷേധിച്ചത്. അതിനെത്തുടർന്നാണ് സാജൻ ആത്മഹത്യ ചെയ്തത്. നഗരസഭ കുത്തിപ്പൊക്കിയ ഈ കുഴപ്പങ്ങൾ പരിഹരിച്ചാൽ കൺവെൻഷൻ സെന്ററിന് അനുമതി നൽകാനാണ് സർക്കാർ ഇപ്പോൾ നിർദ്ദേശം നൽകിയിരിക്കുന്നത്. അതായത് നഗരസഭയുടെ നിലപാടിനെ സർക്കാർ മറ്റൊരു വഴിയിലൂടെ ശരിവയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതിലൂടെ സാജന്റെ മരണത്തിന് യഥാർത്ഥ ഉത്തരവാദിയായ ചെയർപേർസണെ രക്ഷിക്കുന്നതിനാണ് സർക്കാർ ശ്രമം നടത്തിയിരിക്കുന്നത്. സാജന്റെ ജീവത്യാഗത്തിന് പോലും സർക്കാർ വില കല്പിക്കുന്നില്ല.

സാജന്റെ കൺവെൻഷൻ സെന്ററിന് അനുമതി നൽകാതിരിക്കാൻ നഗരസഭ കണ്ടെത്തിയ അസംബന്ധങ്ങളെ പാടെ തള്ളിക്കളഞ്ഞ് നിരുപാധികമായി ലൈസൻസ് നൽകുകയാണ് ചെയ്യേണ്ടി ഇരുന്നത്. അതിന് തയ്യാറാകാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top