നെടുങ്കണ്ടം കസ്റ്റഡിമരണം; എസ്.ഐ സാബുവിന്റെ ജാമ്യാപേക്ഷ തള്ളി

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ പ്രതി എസ്.ഐ കെ.എ സാബുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പീരുമേട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ തള്ളിയത്. സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ രാജ്കുമാർ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദ്ദനത്തെ തുടർന്ന് മരിച്ച കേസിൽ ഒന്നാം പ്രതിയാണ് മുൻ നെടുങ്കണ്ടം എസ്.ഐ സാബു.
Read Also; നെടുങ്കണ്ടം കസ്റ്റഡി മരണം; പ്രതികളായ മറ്റ് പൊലീസുകാരുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് സൂചന
കേസിലെ നാലാം പ്രതിയായ സിവിൽ പൊലീസ് ഓഫീസർ സജീവ് ആന്റണിയുടെ ജാമ്യാപേക്ഷയും കോടതി ഇന്നലെ തള്ളിയിരുന്നു. കേസിലെ രണ്ടും മൂന്നും പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർ കൂടി ഇനി അറസ്റ്റിലാകാനുണ്ട്. ഇവരുടെ അറസ്റ്റ് ഇന്നു തന്നെയുണ്ടായേക്കുമെന്നാണ് സൂചന. നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ ആരോപണ വിധേയനായ ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിനെ ഇന്നലെ ഈ ചുമതലയിൽ നിന്ന് നീക്കിയിരുന്നു.
വേണുഗേപാലിന് പകരം ചുമതല നൽകിയേക്കില്ലെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ ചുമതലയിലേക്കാണ് മാറ്റിയിരിക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ അന്തിമറിപ്പോർട്ട് ലഭിച്ച ശേഷം മാത്രം ഉദ്യോഗസ്ഥനെതിരെ കൂടുതൽ കടുത്ത നടപടിയെടുത്താൽ മതിയെന്നാണ് തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here