സുശീൽ കുമാർ മോദി നൽകിയ മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം

ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി നൽകിയ മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം. പട്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്ലാ കള്ളന്മാരുടെ പേരിലും മോദിയുണ്ട് എന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സമാന പേരുകാരനായ സുശീൽ കുമാർ മോദി മാനനഷ്ടക്കേസ് നൽകിയത്.
നരേന്ദ്ര മോദി, നീരവ് മോദി, ലളിത് മോദി എന്നിവരുടെ പേരുകൾ പരാമർശിച്ചായിരുന്നു രാഹുലിന്റെ പ്രസ്താവന. ഇതിന് പിന്നാലെ തൊട്ടടുത്ത ദിവസം തന്നെ സുശീൽ കുമാർ മോദി, രാഹുലിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. കേസ് പരിഗണിച്ച പട്ന ചീഫ് മജിസ്ട്രേറ്റ് കോടതി രാഹുലിനോട് നേരിട്ട് ഹാജരായി മറുപടി നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
ഇന്ന് രാവിലെയോടെ പട്നയിലെത്തിയ രാഹുൽ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കോടതിയിൽ ഹാജരായത്. തനിക്കെതിരെ ആർഎസ്എസും ബിജെപിയും മനപൂർവം കെട്ടിച്ചമക്കുന്ന കേസുകളാണ് ഇതെല്ലാമെന്ന് രാഹുൽ പ്രതികരിച്ചിരുന്നു. ആർഎസ്എസിന്റേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ആശയങ്ങൾക്കെതിരെ നിൽക്കുന്നവർ ആക്രമിക്കപ്പെടുമെന്നും അവർക്കെതിരെ കേസുകൾ ചുമത്തപ്പെടുമെന്നും രാഹുൽ കോടതിയിൽ വ്യക്തമാക്കി. പാവങ്ങൾക്കും കർഷകർക്കുമൊപ്പം നിൽക്കുകയെന്നതാണ് തന്റെ പോരാട്ടമെന്നും രാഹുൽ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here