Advertisement

മറക്കാനയിൽ ചിറകടിച്ച് കാനറികൾ; ബ്രസീലിന് ഒൻപതാം കിരീടം

July 8, 2019
0 minutes Read

കോപ്പ അമേരിക്ക ഫൈനലിൽ പെറുവിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്ത് ബ്രസീൽ. എവർട്ടൺ, ഗബ്രിയേൽ ജീസസ്, റിച്ചാർലിസൺ എന്നിവരാണ് ബ്രസീലിൻ്റെ ഗോൾ സ്കോറർമാർ. ഗ്വരേരോ ആണ് പെറുവിൻ്റെ ആശ്വാസ ഗോൾ നേടിയത്. നേരത്തെ ഗ്രൂപ്പ് മത്സരത്തിൽ പെറുവിനെ ബ്രസീൽ മടക്കമില്ലാത്ത 5 ഗോളുകൾക്ക് തകർത്തിരുന്നു.

പന്ത്രണ്ടു വർഷം നീണ്ട കിരീട വരൾച്ചയും 69 വർഷത്തോളമായി ഓരോ ബ്രസീൽ ആരാധകനെയും നിരന്തരം വേദനിപ്പിക്കുന്ന മറക്കാനയും ചേർന്ന് ഫൈനൽ മത്സരം കാനറികൾക്ക് ഒരു അഗ്നിപരീക്ഷണമായിരുന്നു. ടിറ്റെയുടെ കീഴിൽ മുഖം മിനുക്കി കോപ്പ പിടിക്കാൻ ഇറങ്ങിയ ബ്രസീൽ പഴയ അപ്രമാദിത്വത്തിൻ്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിട്ടുണ്ടെന്നത് മാത്രമായിരുന്നു ആശ്വാസം. നെയ്മർ ഇല്ലാതെയും ബ്രസീൽ ഗോളടിച്ചു കൂട്ടുന്നുണ്ട് എന്നതും ആത്മവിശ്വാസം പകർന്നു.

പെറു ഗോൾമുഖത്തേക്ക് ഇരച്ചു കയറുന്ന ബ്രസീലിനെ ഫലപ്രദമായി തടഞ്ഞു നിർത്തുന്ന കാഴ്ചയ്ക്കാണ് കളിയുടെ തുടക്കം സാക്ഷ്യം വഹിച്ചത്. മാൻ മാർക്കിംഗിലൂടെ ബ്രസീലിയൻ അറ്റാക്കിനെ സമർദ്ധമായി പ്രതിരോധിച്ച പെറുവിൻ്റെ ഡിഫൻസ് ആദ്യമായി താളം തെറ്റിയത് 15ആം മിനിട്ടിലാണ്. പ്രതിരോധക്കെട്ടു പൊട്ടിച്ച് വലതു വിങ്ങിൽ ഓടിക്കേറിയ ഗബ്രിയേൽ ജീസസ് ഫാർ പോസ്റ്റിലേക്ക് ക്രോസ് നൽകുമ്പോൾ അവിടെ സ്വതന്ത്രനായി നിൽക്കുന്ന എവർട്ടന് പന്ത് വലയിലേക്ക് തട്ടിയിടേണ്ട ചുമതല മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഒരു ഗോൾ വീണതിനെത്തുടർന്ന് ആക്രമണം ശക്തമാക്കിയ പെറു 44ആം മിനിട്ടിൽ മറക്കാനയെ ഞെട്ടിച്ച് ഒപ്പമെത്തി. ബോക്സിലെ ഒരു കൂട്ടപ്പൊരിച്ചിലിനിടെ നിലത്തു വീണ തിയാഗോ സിൽവയുടെ കയ്യിൽ പന്ത് തട്ടിയതിനെത്തുടർന്ന് റഫറി വാറിൻ്റെ പെനൽട്ടി സ്പോട്ടിലേക്ക് കൈ ചൂണ്ടി. കിക്കെടുത്ത ഗ്വരേരോ വലത്തോട്ട് ചാടിയ അലിസണെ കബളിപ്പിച്ച് പന്ത് ലെഫ്റ്റ് നെറ്റിൻ്റെ ബോട്ടം റൈറ്റ് കോർണറിലേക്ക് പായിച്ചു.

പക്ഷേ, കളിയിൽ ബ്രസീൽ മെല്ലെ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. പെറു പ്രതിരോധത്തെ മുൾമുനയിൽ നിർത്തിയ ബ്രസീൽ അറ്റാക്ക് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ വീണ്ടും മുന്നിലെത്തി. മധ്യനിരയിൽ നിന്നും പന്തുമായി മുന്നേറിയ ആർതർ നാല് പ്രതിരോധ നിരക്കാരെ കബളിപ്പിച്ച് ബോക്സിന്റെ തൊട്ടു മുന്നിൽ നിന്ന് ജീസസിന് പന്ത് മറിച്ചു നൽകി. മാർക്ക് ചെയ്യാതെ നിൽക്കുന്ന ജീസസിനെ പ്രതിരോധിക്കാൻ പെറു ഡിഫൻഡർമാർ ഓടിയെത്തുന്നതിനിടെ ജീസസിൻ്റെ ക്ലിനിക്കൽ ഫിനിഷ്. പൂർണമായും സ്ട്രെച്ച് ചെയ്ത പെറു ഗോളിയ്ക്ക് പിടികൊടുക്കാതെ പന്ത് ബോട്ടം ലെഫ്റ്റ് കോർണറിൽ വിശ്രമിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്രസീൽ മുന്നിൽ.

രണ്ടാം പകുതിയിൽ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും പുരോഗമിക്കെ രണ്ടാം മഞ്ഞക്കാർഡ് കണ്ട് ജീസസ് പുറത്തായി. 69ആം മിനിട്ടിൽ ജീസസ് പുറത്തായതോടെ ബ്രസീൽ 10 പേരായി ചുരുങ്ങി. പക്ഷേ, അച്ചടക്കത്തോടെ കളി മെനഞ്ഞ ബ്രസീൽ ആ ആനുകൂല്യം മുതലെടുക്കാൻ പെറുവിനെ അനുവദിച്ചില്ല. 90ആം മിനിട്ടിൽ ലഭിച്ച പെനൽട്ടി 70ആം മിനിട്ടിൽ ഫിർമിനോയ്ക്ക് പകരക്കാരനായി ഇറങ്ങിയ റിച്ചാർലിസൺ ഗോലാക്കി മാറ്റിയതോടെ ബ്രസീൽ വിജയം ഉറപ്പിച്ചു. 12 വർഷത്തെ കാത്തിരിപ്പിനു ശേഷം ബ്രസീലിനു കോപ്പ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top